അമരാവതി: തിരുപ്പതി ലഡു വിവാദത്തിൽ പുതിയ വെളിപ്പെടുത്തൽ. പ്രസാദം തയ്യാറാക്കുന്നതിനായി നൽകിയ നെയ്യിൽ രാസവസ്‌തുക്കള്‍ ചേർത്തതായി, എ 5 കെമിക്കൽ എഞ്ചിനീയറിങ് ബിരുദധാരിയായ അപൂർവ ചാവഡ, പ്രത്യേക അന്വേഷണ സംഘത്തോട് (എസ്ഐടി) കസ്റ്റഡിയിൽ സമ്മതിച്ചതായാണ് റിപ്പോർട്ടുകള്‍. രാസവസ്‌തുക്കൾ എവിടെ നിന്നാണ് ലഭിച്ചത്, ഉപയോഗിച്ച അളവ്, മായം ചേർക്കൽ പ്രക്രിയയിൽ ഉൾപ്പെട്ട വ്യക്തികൾ എന്നീ കാര്യങ്ങളിൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) വ്യക്തത തേടിയിട്ടുണ്ട്.
കൂടുതൽ അന്വേഷണത്തിനായി എസ്ഐടി അഭിഭാഷകർ തിരുപ്പതിയിലെ രണ്ടാം അഡിഷണൽ മുൻസിഫ് കോടതിയിൽ കസ്റ്റഡി ഹർജി നൽകി. എ 5 അപൂർവ ചാവഡയെയും എ 3 വിപിൻ ജെയിനെയും കസ്റ്റഡിയിൽ റിമാൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. അതേസമയം, ഭോലേബാബ ഓർഗാനിക് ഡയറി ഡയറക്‌ടർമാരായ വിപിൻ ജെയിൻ (എ 3), പോമിൽ ജെയിൻ (എ 4) എന്നിവർ സമർപ്പിച്ച ജാമ്യാപേക്ഷ അവരുടെ അഭിഭാഷക സംഘം പിൻവലിച്ചതായി എപിപി പി ജയശേഖർ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അപൂർവ ചാവഡയുടെ ജാമ്യാപേക്ഷയിലും എസ്ഐടിയുടെ കസ്റ്റഡി ഹർജിയിലും വാദം ഫെബ്രുവരി 27ലേക്ക് കോടതി മാറ്റിവച്ചു. മുൻ വൈഎസ്ആർസിപി സർക്കാരിന്‍റെ കാലത്ത് തിരുപ്പതി ലഡു ഉണ്ടാക്കാൻ ഗുണനിലവാരമില്ലാത്ത ചേരുവകളും മൃഗക്കൊഴുപ്പും ഉപയോഗിച്ചുവെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു ആരോപണമുന്നയിച്ചതായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം.
സംഭവം വിവാദമായതോടെ സുപ്രീം കോടതിയുടെ നേതൃത്വത്തിൽ സ്വതന്ത്ര എസ്ഐടിക്ക് രൂപം നൽകുകയായിരുന്നു. നെയ്യ് വിതരണം ചെയ്‌ത മൂന്ന് കമ്പനി മേധാവികൾ ഉൾപ്പടെ നാല് പേരെ എസ്‌ഐടി ചോദ്യം ചെയ്‌ത് വരികയാണ്.
Also Read:ശിവരാത്രി ബലിതർപ്പണം; ആഘോഷങ്ങൾക്കൊരുങ്ങി ആലുവ മണപ്പുറം