എറണാകുളം : അന്തരിച്ച സിപിഎം നേതാവ് എംഎം ലോറൻസിന്‍റെ മൃതദേഹം മെഡിക്കൽ കോളജിന് കൈമാറിയതിനെതിരായ അപ്പീൽ ഹൈക്കോടതി ചൊവ്വാഴ്‌ച (ഡിസംബർ 3) വീണ്ടും പരിഗണിക്കും. പിതാവിന്‍റെ മൃതശരീരം വിട്ടുനൽകണമെന്നാവശ്യപ്പെട്ട് മകൾ ആശ ലോറൻസാണ് വീണ്ടും കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച ഹൈക്കോടതി ചൊവ്വാഴ്‌ച വിശദമായി കേൾക്കാമെന്ന് അറിയിച്ചു. ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് വാദം കേൾക്കുക.
നിലവിൽ ലോറൻസിന്‍റെ മൃതശരീരം കളമശേരി മെഡിക്കൽ കോളജിൽ ഫോർമാലിനിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ലോറൻസിന്‍റെ മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ട് നല്‍കിയ സിംഗിൽ ബെഞ്ച് ഉത്തരവിനെതിരെയാണ് ആശ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
മൃതദേഹം മെഡിക്കൽ കോളജിന് കൈമാറിയ നടപടി നേരത്തെ സിംഗിൾ ബെഞ്ച് ശരിവച്ചിരുന്നു. ഈ സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ആശ ലോറൻസും സുജാതയും ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം രണ്ട് സാക്ഷികളുടെ സാന്നിധ്യത്തിലാണ് മകന്‍ എംഎല്‍ സജീവനോട് മൃതദേഹം മെഡിക്കല്‍ പഠനത്തിന് വിട്ടുനല്‍കണമെന്ന് ലോറന്‍സ് പറഞ്ഞത് എന്നതടക്കം കണക്കിലെടുത്തായിരുന്നു സിംഗിള്‍ ബെഞ്ചിന്‍റെ ഉത്തരവ്. ഇക്കഴിഞ്ഞ സെപ്റ്റംബർ 21നാണ് വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് എംഎം ലോറൻസ് അന്തരിച്ചത്.
Also Read: എഡിഎം നവീന്‍ ബാബുവിന്‍റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി സ്വീകരിച്ചു