ന്യൂഡല്‍ഹി: ഇനി മുതല്‍ ബിരുദ പഠന കോഴ്‌സുകള്‍ക്ക് നിശ്ചിത കാലദൈര്‍ഘ്യം ഉണ്ടാകില്ലെന്ന് യുജിസി അധ്യക്ഷന്‍ ജഗദേഷ് കുമാര്‍. വിദ്യാര്‍ഥികള്‍ക്ക് കോഴ്‌സുകളുടെ ദൈര്‍ഘ്യം കൂട്ടാനോ കുറയ്ക്കാനോ കഴിയും വിധം ബിരുദ കോഴ്‌സുകള്‍ ഉടന്‍ പുനഃസംഘടിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇത് സംബന്ധിച്ച നല്‍കിയ മാനദണ്ഡങ്ങള്‍ യുജിസി അംഗീകരിച്ചു. അക്‌സലറേറ്റഡ് ഡിഗ്രി പ്രോഗ്രാം (എഡിപി), അതായത് കുറഞ്ഞ ദൈര്‍ഘ്യമുള്ള ഡിഗ്രി കോഴ്‌സുകള്‍ക്കും ദൈര്‍ഘ്യം കൂടിയ ഡിഗ്രി കോഴ്‌സുകള്‍ക്കും (എക്സ്‌റ്റന്‍ഡ് ഡിഗ്രി -EDP-ഇഡിപി) ആണ് യുജിസി അംഗീകാരം നല്‍കിയിട്ടുള്ളത്.
ഈയാഴ്‌ച നടന്ന യുജിസിയുടെ ഒരു യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. ഇതിന്‍റെ കരട് പൊതുജനങ്ങള്‍ക്ക് പരിശോധിക്കാന്‍ ലഭ്യമാണെന്നും, ഇതുമായി ബന്ധപ്പെട്ടുള്ള അഭിപ്രായങ്ങള്‍ യുജിസിയെ അറിയിക്കാമെന്നും അധികൃതര്‍ വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നിശ്ചിത കാലദൈര്‍ഘ്യമുള്ള ബിരുദ കോഴ്‌സുകളാണ് മിക്ക എൻട്രൻസ് പരീക്ഷകളുടെയും അടിസ്ഥാന മാനദണ്ഡം. ഈ കോഴ്‌സുകളാണ് ഇപ്പോള്‍ വിദ്യാര്‍ഥികളുടെ അഭിരുചിക്ക് അനുസരിച്ച് കൂടുതല്‍ സമയം എടുത്തോ, അല്ലെങ്കില്‍ ആവശ്യാനുസരണം സമയം എടുത്തോ ചെയ്യാനാകും വിധം പുനഃക്രമീകരിക്കുക.
മൂന്ന് വര്‍ഷം കൊണ്ടോ നാല് വര്‍ഷം കൊണ്ടോ കോഴ്‌സ് പൂര്‍ത്തീകരിക്കാം. ചുരുങ്ങിയ കാലയളവിലുള്ള ഡിഗ്രി കോഴ്‌സില്‍ ഓരോ സെമസ്റ്ററിനും അധിക ക്രെഡിറ്റുകളുണ്ടാകും. അതേസമയം കൂടുതല്‍ സമയം ലഭിക്കുന്ന ബിരുദ കോഴ്‌സുകള്‍ക്ക് അധിക സെമസ്റ്ററുകളില്‍ ക്രെഡിറ്റുകള്‍ ലഭ്യമാകില്ല.
പഠന കാലയളവ് ദീര്‍ഘിപ്പിക്കാവുന്നത് പരമാവധി രണ്ട് സെമസ്റ്ററുകളിലേക്ക് മാത്രമായിരിക്കും. ബിരുദ കോഴ്‌സുകള്‍ പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് ഹ്രസ്വ-ദീര്‍ഘ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. അതായത് സര്‍ട്ടിഫിക്കറ്റുകള്‍ക്കായി നിര്‍ദിഷ്‌ട കാലയളവ് അവസാനിക്കുന്നത് വരെ കാത്തിരിക്കേണ്ടി വരില്ല. കുറഞ്ഞ കാലം കൊണ്ട് പൂര്‍ത്തിയാക്കിയ ബിരുദ കോഴ്‌സ് സര്‍ട്ടിഫിക്കറ്റില്‍ അക്കാര്യം പ്രത്യേകം രേഖപ്പെടുത്തും.
കേരളത്തിലെ നാല് വര്‍ഷ ബിരുദ കോഴ്‌സുകളെ കുറിച്ച് അറിയാം
അതേസമയം, ജൂലൈ ഒന്നിനാണ് നാല് വര്‍ഷ ബിരുദ കോഴ്‌സുകള്‍ കേരളത്തില്‍ തുടക്കമായത്. മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരം വനിതാ കോളജില്‍ കോഴ്‌സ് ഉദ്ഘാടനം ചെയ്‌തത്. കേരളത്തിലെ ബിരുദ പഠനത്തില്‍ കേന്ദ്രത്തിന്‍റെ എല്ലാ ശുപാർശകളും ഉൾപ്പെടുത്തിയിട്ടില്ല. മൂന്ന് വർഷം പൂർത്തിയാക്കിയാൽ ബിരുദവുമായി കോഴ്‌സ് പൂർത്തിയാക്കാം. നാല് വർഷം പൂർത്തിയാക്കിയാൽ ഓണേഴ്‌സ് ബിരുദം നേടാം. പൂർണമായും ക്രെഡിറ്റ് അടിസ്ഥാനമാക്കി സ്വയം പഠനത്തിന് സാധിക്കും. കോഴ്‌സ് കോമ്പിനേഷനുകൾ വിദ്യാർഥികൾക്ക് തന്നെ തെരഞ്ഞെടുക്കാവുന്ന തരത്തിലാണ് കേരളത്തില്‍ പുത്തന്‍ ഡിഗ്രി പഠനം ഈ അക്കാദമിക വര്‍ഷം മുതല്‍ നടപ്പാക്കിത്തുടങ്ങിയത്.