ന്യൂഡല്‍ഹി : 'സ്വാദിഷ്‌ട'മായ നിയമപോരാട്ടത്തിന് വേദിയാവുകയാണ് ഡല്‍ഹി ഹൈക്കോടതി. ബട്ടര്‍ ചിക്കന്‍റെയും ദാല്‍ മഖാനിയുടെയും പേരിലാണിത്. "ബട്ടര്‍ചിക്കന്‍റെയും ദാല്‍മഖാനിയുടെയും കണ്ടുപിടിത്തക്കാര്‍"(Inventors of Butter Chicken and Dal Makhani") എന്ന ടാഗ്‌ലൈന്‍റെ പേരില്‍ ഹോട്ടലുകള്‍ തമ്മിലുള്ള കൊമ്പുകോര്‍ക്കലാണ് കോടതി കയറിയിരിക്കുന്നത്.
മോത്തിമഹല്‍, ദരിയാഗഞ്ച് ഹോട്ടലുകളാണ് തല്ലുകൂടുന്നത്. ദരിയാഗഞ്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നു എന്നാണ് മോത്തിമഹലിന്‍റെ വാദം. ഇരു ഹോട്ടലുകളും തമ്മില്‍ ബന്ധമുണ്ടെന്ന തരത്തില്‍ തെറ്റിദ്ധാരണ പരത്താനാണ് ശ്രമമെന്നും മോത്തിമഹല്‍ ആരോപിക്കുന്നു(Moti Mahal and Dariya Ganj).
ദരിയാഗഞ്ചിന് സമീപമാണ് ആദ്യം മോത്തിമഹല്‍ തുടങ്ങിയത്. ഇതാണ് ദരിയാഗഞ്ച് ഉപയോഗിക്കാന്‍ ശ്രമിക്കുന്നത്. യഥാര്‍ഥത്തില്‍ ഇല്ലാത്ത ഒരു ബന്ധം സ്ഥാപിക്കാനാണ് ദരിയാഗഞ്ചിന്‍റെ ശ്രമമെന്നും മോത്തിമഹല്‍ ആരോപിക്കുന്നു. ജസ്റ്റിസ് സഞ്ജീവ് നരൂല അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
ഹര്‍ജി പരിഗണിച്ച കോടതി ദരിയാഗഞ്ചിന്‍റെ ഉടമകളെ വിളിച്ച് വരുത്തുകയും ആരോപണങ്ങളില്‍ ഒരു മാസത്തിനകം എഴുതിത്തയ്യാറാക്കിയ മറുപടി നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതിന് പുറമെ മോത്തിമഹലിന്‍റെ ഹര്‍ജിയില്‍ ടാഗ് ലൈന്‍ ഉപയോഗിക്കുന്നത് താത്കാലികമായി വിലക്കുകയും ചെയ്‌തു. കേസ് മെയ് 29ന് വീണ്ടും പരിഗണിക്കും.