ശ്രീനഗർ : തീവ്രവാദ ഫണ്ടിങ് കേസിൽ വിഘടനവാദി നേതാവ് യാസിൻ മാലിക്കിന് വധശിക്ഷ നൽകണമെന്ന എൻഐഎ ഹർജിയിൽ വാദം കേൾക്കുന്നതിൽ നിന്ന് ഡൽഹി ഹൈക്കോടതി ജഡ്‌ജി അമിത് ശർമ പിന്മാറി. ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ജഡ്‌ജിമാരുടെ പട്ടികയിൽ വന്ന മാറ്റ സാഹചര്യത്തിലാണ് ജഡ്‌ജിയുടെ പിന്മാറ്റം. ജസ്റ്റിസ് പ്രതിഭ എം സിങ്ങിന്‍റെ അധ്യക്ഷതയിലുള്ള മറ്റൊരു ബെഞ്ചിന് മുമ്പാകെ ഓഗസ്റ്റ് 9 ന് കേസ് ലിസ്റ്റ് ചെയ്യും.
തിഹാര്‍ ജയിലില്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്ന ജമ്മു കശ്‌മീർ ലിബറേഷൻ ഫ്രണ്ട് (ജെകെഎൽഎഫ്) തലവനായ യാസിൻ മാലിക് ഓണ്‍ലൈനായാണ് ഹാജരായത്. അടുത്ത ഹിയറിങ്ങിനും ഓണ്‍ലൈനായി ഹാജരാകാൻ കോടതി നിർദേശിച്ചു.
2023 മെയ് 29 ന് ആണ് വധശിക്ഷ ആവശ്യപ്പെട്ടുള്ള എൻഐഎയുടെ ഹർജിയിൽ ഹൈക്കോടതി മാലിക്കിന് നോട്ടിസ് അയക്കുന്നത്. വളരെ അപകടകാരിയായ തടവുകാരൻ ആയതിനാല്‍ യാസിന്‍ മാലിക്കിനെ ഓണ്‍ലൈനായി ഹാജരാക്കാന്‍ ജയിൽ അധികൃതർ അപേക്ഷ നൽകിയിരുന്നു.
2022 മെയ് 24 ന് ആണ് യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി വിചാരണ കോടതി മാലിക്കിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. യുഎപിഎ ഉൾപ്പെടെയുള്ള കേസുകളിൽ മാലിക് കുറ്റസമ്മതം നടത്തിയിരുന്നു.
ജീവപര്യന്തം തടവിനെതിരെ അപ്പീല്‍ നല്‍കിയ എൻഐഎ, ഒരു തീവ്രവാദി കുറ്റസമ്മതം നടത്തി എന്നതുകൊണ്ട് മാത്രം ശിക്ഷ ജീവപര്യന്തമായി കുറയ്ക്കരുതെന്ന് കോടതിയില്‍ വാദിച്ചു. ഇത്തരം കേസുകളിൽ വധശിക്ഷ നൽകാത്തത് ശിക്ഷ നയത്തെ ദുർബലപ്പെടുത്തുമെന്നും ഭീകരർക്ക് വധശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ വഴിയൊരുക്കുമെന്നും എന്‍ഐഎ കോടതിയില്‍ പറഞ്ഞു.
നിരവധി സൈനികരുടെയും സാധാരണക്കാരുടെയും ജീവനെടുത്ത തീവ്രവാദിക്ക് ജീവപര്യന്തം ശിക്ഷ മതിയാകില്ലെന്നും എന്‍ഐഎ പറഞ്ഞു. മാലിക് ചെയ്‌ത കുറ്റകൃത്യങ്ങള്‍, വധശിക്ഷയ്ക്ക് അർഹമാകുന്ന 'അപൂർവങ്ങളില്‍ അപൂർവമായ കേസ്' എന്ന ലേബലില്‍ വിചാരണക്കോടതി ഉള്‍പ്പെടുത്തിയിട്ടില്ല. ഇത് നിയമപരമായി പിഴവുള്ളതും നിലനിൽക്കുന്നതല്ലെന്നും എന്‍ഐഎ കോടതിയില്‍ ചൂണ്ടിക്കാട്ടി.
യാസിന്‍ മാലിക്കിന്‍റെ കുറ്റകൃത്യങ്ങള്‍ ഇന്ത്യ എന്ന ആശയത്തിന്‍റെ ഹൃദയത്തിൽ കൊള്ളുന്നതാണെന്നും ജമ്മു കശ്‌മീരിനെ ഇന്ത്യൻ യൂണിയനിൽ നിന്ന് വേർപെടുത്താൻ ഉദ്ദേശിച്ചുള്ളതുമാണ് എന്നാണ് വിചാരണക്കോടതി വിധിയില്‍ പറഞ്ഞത്. എങ്കിലും അപൂർവങ്ങളില്‍ അപൂർവമായ കേസ് എന്ന പരിധിയില്‍ വരാത്തതിനാല്‍ വധശിക്ഷ നൽകേണ്ടതില്ലെന്നായിരുന്നും വിചാരണക്കോടതിയുടെ നിലപാട്.
Also Read :കശ്‌മീര്‍ വിട്ട് ഭീകരര്‍ ജമ്മുവിലേക്ക്; ഭീകരതയുടെ പ്രഭവ കേന്ദ്രം മാറുന്നു - epicenter of terrorism is changing