ന്യൂഡൽഹി:മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് വീണ്ടും തിരിച്ചടി. മുഖ്യമന്ത്രിയുടെയും കേസില്‍ അറസ്റ്റിലായ വിനോദ് ചൗഹാൻ്റെയും ജുഡീഷ്യൽ കസ്‌റ്റഡി കാലാവധി നീട്ടി. ജൂലൈ 3 വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയത്. ഇന്ന് (ജൂണ്‍ 19) കസ്റ്റഡി കാലാവധി തീരാനിരിക്കേയാണ് റൂസ് അവന്യൂ കോടതി നടപടി.
ജഡ്‌ജി ന്യായ് ബിന്ദുവാണ് കസ്‌റ്റഡി കാലാവധി നീട്ടി ഉത്തരവിറക്കിയത്. സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എൻകെ മട്ടയുടെയും അന്വേഷണ ഉദ്യോഗസ്ഥൻ്റെയും വാദങ്ങൾ കേട്ട ശേഷമാണ് നടപടി. ജുഡീഷ്യൽ കസ്‌റ്റഡി അവസാനിച്ചത് കൊണ്ട് തിഹാർ ജയിലിൽ നിന്ന് വീഡിയോ കോൺഫറൻസിങ് വഴിയാണ് ഇരുവരെയും കോടതിയിൽ ഹാജരാക്കിയത്.
എന്തുകൊണ്ടാണ് ജുഡീഷ്യൽ കസ്‌റ്റഡി കാലാവധി നീട്ടുന്നതെന്ന കോടതിയുടെ ചോദ്യത്തിന് ഗോവ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി കെ.കവിതയുടെ പേഴ്‌സണൽ അസിസ്‌റ്റന്‍റ് അഭിഷേക് ബോയിൻപള്ളിയില്‍ നിന്ന് വിനോദ് ചൗഹാൻ 25 കോടി രൂപ കൈപ്പറ്റിയിട്ടുണ്ടെന്ന് ഇഡി മറുപടി നല്‍കി. 100 കോടി രൂപയുടെ ഭാഗമാണ് ഈ 25 കോടിയെന്നും അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയെ അറിയിച്ചു. ഇതുവരെ 45 കോടി രൂപയുടെ കള്ളപ്പണം കണ്ടെത്തിയിട്ടുണ്ടെന്നും ഇഡിയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ 60 ശതമാനം ഇപ്പോഴും കണ്ടെത്താനായിട്ടില്ലെന്നാണ് ഇതിനർഥമെന്ന് കോടതി നിരീക്ഷിച്ചു.