വയനാട്: തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തിലെ ആദിവാസി കുടുംബങ്ങളുടെ കുടിലുകൾ വനംവകുപ്പ് പൊളിച്ചുമാറ്റിയതിൽ പ്രതിഷേധം രൂക്ഷം. വയനാട് വന്യജീവി സങ്കേതത്തിൽപ്പെട്ട കൊല്ലിമൂല പണിയ ഊരിലാണ് വനം വകുപ്പിന്‍റെ പൊളിച്ചു മാറ്റൽ നടപടി. അനധികൃതമെന്ന് ആരോപിച്ച് മൂന്ന് കുടുംബങ്ങള്‍ വര്‍ഷങ്ങളായി താമസിച്ചു വന്നിരുന്ന കുടിലുകൾ പൊളിച്ചുമാറ്റുകയായിരുന്നു. ഇന്നലെ (നവംബർ 24) ഉച്ചയ്‌ക്കായിരുന്നു സംഭവം.
ബദല്‍ സംവിധാനമൊരുക്കിയാണ് വനമേഖലയിലെ കുടിലുകള്‍ പൊളിക്കുകയെന്ന് വനംവകുപ്പ് അറിയിച്ചെങ്കിലും അങ്ങനെ ഒന്നും ഉണ്ടായിട്ടില്ലെന്നും അവർ തങ്ങളെ വഴിയാധാരമാക്കുകയാണ് ചെയ്‌തതെന്നും കുടിൽ നഷ്‌ടപ്പെട്ടവർ പറഞ്ഞു. പത്താം ക്ലാസ് വിദ്യാര്‍ഥിയും, കൈക്കുഞ്ഞുങ്ങളും അടക്കമുള്ള കുടുംബങ്ങള്‍ ഇന്നലെ അന്തിയുറങ്ങിയത് വീട് പൊളിച്ച് മാറ്റിയ സ്ഥലത്തായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.
ഗ്രാമപഞ്ചായത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥലമെടുത്ത് കൊല്ലിമൂലയില്‍ ഗോത്ര വിഭാഗങ്ങള്‍ക്ക് വീട് വച്ച് നല്‍കിയിരുന്നു. ഇതിന് സമീപത്ത് വനത്തിനോട് ചേര്‍ന്ന സ്ഥലത്താണ് ഈ മൂന്ന് കുടുംബങ്ങളും കുടില്‍കെട്ടി കഴിഞ്ഞിരുന്നത്. ആ കുടിലുകളാണ് വനംവകുപ്പ് പൊളിച്ച് നീക്കിയത്. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തോല്‍പ്പെട്ടി റെയ്ഞ്ച് ഓഫിസ് ഉപരോധിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വിഷയത്തിൽ പ്രതികരിച്ച് വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ: വയനാട് തോൽപ്പെട്ടിയിൽ കുടിലുകൾ പൊളിച്ച് ആദിവാസി കുടുംബങ്ങളെ ഒഴിപ്പിച്ച സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തുമെന്ന് വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു. വിഷയത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡനിൽ നിന്ന് മന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടു. വനംവകുപ്പിന് വീഴ്‌ച സംഭവിച്ചിട്ടുണ്ടെങ്കില്‍ കുടില്‍ പൊളിച്ച ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി. വനംവകുപ്പ് നടപടിയിൽ തോൽപ്പെട്ടി റേഞ്ച് ഓഫിസിന് മുന്നിൽ ഗോത്രവിഭാഗം പ്രതിഷേധവുമായി എത്തിയതിന് പിന്നാലെയാണ് മന്ത്രിയുടെ ഇടപെടൽ.
Also Read: നാട്ടുകാർക്കൊരു വള്ളിക്കെട്ടായി വനംവകുപ്പിൻ്റെ കുട്ടി വനം പദ്ധതി: പരാതിയുമായി പ്രദേശവാസികൾ