ന്യൂഡല്‍ഹി: മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യം തൂത്തുവാരിയതിന് ശേഷം, ഇവിഎം ഹാക്ക് ചെയ്യപ്പെട്ടുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് എത്തിയതില്‍ പ്രതികരണവുമായി നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (ശരദ്‌ചന്ദ്ര പവാർ) നേതാവ് സുപ്രിയ സുലെ. വിഷയം തെളിയിക്കുന്നതിന് തെളിവുകള്‍ ആവശ്യമാണെന്നും ഇതു കോൺഗ്രസുമായി ചർച്ച ചെയ്യുമെന്നും സുപ്രിയ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
"വിഷയം ഞാന്‍ കോൺഗ്രസുമായി സംസാരിക്കും. ഇന്ത്യ സഖ്യത്തിന്‍റെ യോഗത്തില്‍ ഞാന്‍ പങ്കെടുക്കുന്നുണ്ട്. ഇതിനെല്ലാം ഞങ്ങൾക്ക് ചില തെളിവുകൾ ആവശ്യമാണ്. അതിനായി പ്രവര്‍ത്തിക്കുന്നുണ്ട്"- സുപ്രിയ സുലെ പറഞ്ഞു. പാർലമെന്‍റിന്‍റെ ആദ്യ ശീതകാല സമ്മേളനത്തിന് ഡൽഹിയിൽ എത്തിയതായിരുന്നു സുലെ.
അതേസമയം, മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ഇവിഎം ഹാക്ക് ചെയ്യപ്പെട്ടത് സംബന്ധിച്ച് ചർച്ച ചെയ്യാൻ താനും ദിവസങ്ങൾക്കുള്ളിൽ ഡൽഹിയിലേക്ക് പോകുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ പറഞ്ഞു. ഇവിഎമ്മുകൾ ഹാക്ക് ചെയ്തതായി ലഭിച്ച വിവരങ്ങളിൽ പാർട്ടി നേതാക്കൾ ആശ്ചര്യപ്പെട്ടുവെന്ന് കർണാടക ആഭ്യന്തര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ജി പരമേശ്വര പറഞ്ഞതിന് പിന്നാലെയാണ് ഡികെ ശിവകുമാറിന്‍റെ പ്രതികരണം.
മഹാരാഷ്‌ട്രയില്‍ കോണ്‍ഗ്രസിന്‍റെ നിരീക്ഷകരില്‍ ഒരാളായിരുന്നു ജി പരമേശ്വര. രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും ഉൾപ്പെടെയുള്ള പാർട്ടി നേതാക്കൾ ഇവിഎം പ്രശ്‌നങ്ങൾ ചർച്ച ചെയ്യുകയും വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ അപ്പീല്‍ നല്‍കുമെന്നും പരമേശ്വര വ്യക്തമാക്കിയിരുന്നു.
ALSO READ: 'പ്രധാനമന്ത്രി ജനിച്ചത് രാജ്യത്തിന്‍റെ രക്ഷയ്‌ക്കുവേണ്ടി'; ബിജെപി ഒരു ബ്രാൻഡെന്നും കങ്കണ റണാവത്ത്
അതേസമയം അടുത്തിടെയാണ് മഹാരാഷ്‌ട്ര നിയമസഭ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചത്. വലിയ ഭൂരിപക്ഷത്തോടെ സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം തവണയും മഹായുതി സഖ്യം അധികാരം നിലനിർത്തി. 288 നിയമസഭ സീറ്റുകളിലേക്ക് നടന്ന മത്സരത്തില്‍ 230 സീറ്റുകളും മഹായുതി സഖ്യം നേടി. കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യമായ മഹാവികാസ് അഘാടിയ്‌ക്ക് 46 സീറ്റുകൾ മാത്രമാണ് നേടാനായത്.