ന്യൂഡൽഹി:പ്രതിഷേധത്തിന്‍റെ ഭാഗമായി യമുന നദിയിൽ മുങ്ങിയ ബിജെപി അധ്യക്ഷൻ ആശുപത്രിയില്‍. ബിജെപി ഡല്‍ഹി അധ്യക്ഷൻ വീരേന്ദ്ര സച്‌ദേവയെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യമുനയില്‍ മുങ്ങിയതിന് 48 മണിക്കൂറിന് ശേഷം ത്വക്ക് അണുബാധയും ശ്വാസതടസവും അനുഭവപ്പെടുകയായിരുന്നു. നിലവില്‍ ആർഎംഎൽ നഴ്‌സിങ് ഹോമിൽ ചികിത്സയിലാണ് വീരേന്ദ്ര സച്ദേവ.
2025-ഓടെ യമുന ശുചീകരിക്കുമെന്ന കെജ്‌രിവാളിന്‍റെ വാഗ്‌ദാനം പരാജയപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് സച്ച്‌ദേവ വ്യാഴാഴ്‌ച യമുന നദിയിൽ മുങ്ങിയത്. സച്ച്ദേവ നദിയിലേക്ക് ചാടുന്നതിന്‍റെ വീഡിയോ വൈറലായിരുന്നു. മലിനീകരണം രൂക്ഷമായതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ യമുന നദിയില്‍ വിഷപ്പത നുരഞ്ഞൊഴുകിയിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
യമുന ശുചീകരണത്തില്‍ ആം ആദ്‌മി പാർട്ടിക്കെതിരെ (എഎപി) ശക്തമായ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. യമുന ശുചീകരിക്കാൻ കേന്ദ്ര സർക്കാർ നൽകിയ 8,500 കോടിയുടെ കണക്ക് ഡല്‍ഹി സര്‍ക്കാര്‍ നൽകണമെന്ന് സച്ച്ദേവ ആവശ്യപ്പെട്ടു.
അതേസമയം, പാനിപ്പത്തിലെയും സോനിപത്തിലെയും അഴുക്ക് ചാലുകളിൽ നിന്നുള്ള വ്യാവസായിക മാലിന്യങ്ങളാണ് യമുനയില്‍ എത്തുന്നത് എന്നാണ് ആരോപണങ്ങളോട് പ്രതികരിച്ചുകൊണ്ട് ഡൽഹി മന്ത്രിയും ആം ആദ്‌മി നേതാവുമായ സൗരഭ് ഭരദ്വാജ് പറഞ്ഞത്. ഇത് പരിശോധിച്ചതാണെന്നും എൻജിടി പലതവണ പറഞ്ഞതാണെന്നും ഭരദ്വാജ് വ്യക്തമാക്കി. വീരേന്ദ്ര സച്ച്ദേവയ്ക്ക് ഇക്കാര്യത്തിൽ ശരിയായ ആശങ്കയുണ്ടെങ്കില്‍ ഹരിയാന സർക്കാരുമായി സംസാരിച്ച് സോനിപ്പത്തിലെയും പാനിപ്പത്തിലെയും വ്യാവസായിക മാലിന്യങ്ങൾ തടയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read:വിഷലിപ്‌തമായി നുരഞ്ഞ് പതഞ്ഞൊഴുകി യമുന; ഇത് മരണത്തോടടുക്കുന്ന ഇന്ത്യയുടെ 'കണ്ണീര്‍ക്കുടം'