ദേവഭൂമി ദ്വാരക (ഗുജറാത്ത്) :എയര്‍ കണ്ടീഷണര്‍ പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തില്‍ കുഞ്ഞുള്‍പ്പെടെ ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം. ഗുജറാത്തിലെ ദേവഭൂമി ദ്വാരക ജില്ലയിലാണ് ദാരുണ സംഭവം. പവന്‍ ഉപാധ്യായ (39), ഭാര്യ തിഥി (29), മകള്‍ ധ്യാന, പവന്‍റെ അമ്മ ഭവാനിബെന്‍ (69) എന്നിവരാണ് മരിച്ചത്.
തീപടര്‍ന്ന് പുക ഉയര്‍ന്നതോടെ ശ്വാസം മുട്ടിയാണ് നാലുപേരും മരിച്ചത് എന്നാണ് വിവരം. ദ്വാരക നഗരത്തിലെ ആദിത്യ റോഡില്‍ സ്ഥിതിചെയ്യുന്ന വീടിന്‍റെ ഒന്നാം നിലയിലാണ് ഇന്ന് പുലര്‍ച്ചെ 3.30 ഓടെയാണ് തീപടര്‍ന്നത്. വീട്ടിലുണ്ടായിരുന്ന അഞ്ച് പേരും അപകട സമയത്ത് ഉറങ്ങുകയായിരുന്നു.
തീപടര്‍ന്നതിന് പിന്നാലെ വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം വേര്‍പെട്ടിരുന്നു. ഇതോടെ വാതില്‍ കണ്ടെത്താന്‍ വീട്ടുകാര്‍ക്ക് സാധിക്കാതെ വന്നു. വീടിനകത്ത് കുടുങ്ങിയ പോയ ഇവര്‍ പുകയില്‍ ശ്വാസം മുട്ടി മരിക്കുകയായിരുന്നു എന്ന് പൊലീസ് ഇന്‍സ്‌പെക്‌ടര്‍ ടിസി പട്ടേല്‍ പറഞ്ഞു.