രാജസ്ഥാനില്‍ നാട്ടിലേക്കിറങ്ങി ഭീതിപടര്‍ത്തി മുതലകള്‍ (ETV Bharat) കോട്ട:രാജസ്ഥാനില്‍ ജനവാസ മേഖലയില്‍ ഭീതിപടര്‍ത്തി മുതലകള്‍. മൂന്ന് മുതലകളാണ് ജനവാസ മേഖലയിലെത്തിയത്. ഇതില്‍ രണ്ടെണ്ണത്തെ പിടികൂടി. കോട്ട ജില്ലയിലെ ഗലാന, ബൊർഖേഡ, മോർഫ എന്നിവിടങ്ങളിലാണ് മുതലകളെത്തിയത്.
വയലിൽ നിന്നും ഒരു വീട്ടിൽ നിന്നുമാണ് മുതലകളെ വനം വകുപ്പ് പിടികൂടിയത്. എന്നാല്‍ വെള്ളം നിറഞ്ഞ വയലിലേക്ക് ഇറങ്ങിയ മൂന്നാമത്തെ മുതലയെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇത് ഗ്രാമവാസികളെ ഏറെ ആശങ്കയിലാക്കുന്നുണ്ട്.
ജില്ലയിലെ സംഗോഡ് റോഡിലെ ഗലാന ഗ്രാമത്തിലെ ടോൾ പ്ലാസയ്ക്ക് സമീപമുള്ള വയലിൽ നിന്നുമാണ് ഏകദേശം 12 അടി നീളവും 200 കിലോ ഭാരവുമുള്ള മുതലയെ പിടികൂടിയത്. മുതലയെക്കണ്ട് പരിഭ്രാന്തരായ നാട്ടുകാർ വനം വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. മുതലയെ കമ്പിൽ കയർ കെട്ടി ബന്ധിച്ചാണ് നാട്ടുകാരുടെ സഹായത്തോടെ 400 മീറ്റര്‍ ചുമന്ന് റോഡിലെത്തിച്ചത്. തുടര്‍ന്ന് ദിയോലി അറബിൽ സ്ഥിതി ചെയ്യുന്ന നഗർ ഫോറസ്റ്റിലെ ക്രോക്കഡൈൽ വ്യൂപോയിന്‍റിൽ തുറന്നുവിട്ടു.
മോർപ ഗ്രാമത്തിലെ ഒരു കർഷകന്‍റെ വീട്ടിൽ നിന്നും പിടികൂടിയ രണ്ടാമത്തെ മുതല ഏകദേശം 200 കിലോയോളം ഭാരവും 12 അടി നീളവുമുണ്ടായിരുന്നു. അതേസമയം ബൊർഖേഡയിലെ പൊലീസ് സ്റ്റേഷന് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്ത് കണ്ടെത്തിയത് ആറടിയോളം നീളമുള്ള മുതലയാണ് . വനപാലകർ സ്ഥലത്തെത്തിയെങ്കിലും മുതലയെ പിടികൂടാനായില്ല. രണ്ടടിയോളം താഴ്‌ചയിൽ വെള്ളമുള്ളതും ഇടതൂർന്ന കുറ്റിക്കാടുകള്‍ പ്രദേശത്ത് വളരുന്നതും രക്ഷാപ്രവര്‍ത്തനത്തിന് തടസമായി.
Also Read:നരഭോജി ചെന്നായ്ക്കളിൽ ഒരെണ്ണം കൂടി പിടിയിൽ; ശേഷിക്കുന്ന ഒന്നിനായി തെരച്ചിൽ ഊർജിതം