മാണ്ഡി:ഹിമാചലിലെ ജയിൽ റോഡിൽ സ്ഥിതി ചെയ്യുന്ന മസ്‌ജിദിന്‍റെ രണ്ട് നിലകൾ പൊളിച്ചുകളയണമെന്ന് മാണ്ഡി മുനിസിപ്പൽ കോർപ്പറേഷൻ കമ്മീഷണർ കോടതി ഉത്തരവിട്ടു. അനധികൃതമായി നിർമിച്ച രണ്ട് നിലകൾ 30 ദിവസത്തിനകം പൊളിക്കണമെന്നാണ് ഉത്തരവ്. 30 വർഷം പഴക്കമുള്ള മൂന്ന് നില കെട്ടിടത്തിലെ മസ്‌ജിദിന്‍റെ രണ്ട് നിലകൾ മതിയായ അനുമതിയില്ലാതെയാണ് നിർമ്മിച്ചതെന്ന് കോടതി നീരീക്ഷിച്ചു.
എച്ച്എസ് റാണയുടെ നേതൃത്വത്തിലുള്ള മുനിസിപ്പൽ കോർപ്പറേഷൻ കമ്മീഷണർ കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മസ്‌ജിദ് അനധികൃതമായാണ് നിർമിച്ചതെന്ന് ആരോപിച്ച് വിവിധ ഹൈന്ദവ സംഘടനകള്‍ പ്രദേശത്ത് വൻ പ്രതിഷേധം ആരംഭിച്ചിരുന്നു. ന്യൂനപക്ഷ സമുദായത്തിലെ സ്‌ത്രീയുടെ പേരിലാണ് ഭൂമി രജിസ്‌റ്റർ ചെയ്‌തിരിക്കുന്നതെങ്കിലും മാർച്ചിൽ നടന്ന നിർമ്മാണത്തിന്‍റെ ഒരു ഭാഗം പൊതുമരാമത്ത് വകുപ്പിന്‍റെ (പിഡബ്ല്യുഡി) ഭൂമിയിലേക്ക് വ്യാപിപ്പിച്ചതായി ശ്രദ്ധയിൽപ്പെട്ടതായും കോടതി പറഞ്ഞു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ജൂണിൽ മുനിസിപ്പൽ കോർപ്പറേഷൻ മസ്‌ജിദ് നിർമാണം നിർത്തിവെക്കാൻ നോട്ടീസ് നൽകിയിരുന്നു. കോടതി നടപടികൾക്കിടെയാണ് പ്രാദേശിക ഹിന്ദു സംഘടനകൾ പ്രതിഷേധം സംഘടിപ്പിച്ചത്. കെട്ടിടത്തിന്‍റെ ഭൂപടം പരിശോധിച്ചതില്‍ നിന്ന് അതിന് നഗര-ഗ്രാമാസൂത്രണ വകുപ്പിന്‍റെ അംഗീകാരമില്ലെന്ന് വ്യക്തമായതായി മാണ്ഡി മുനിസിപ്പൽ കോർപ്പറേഷൻ കമ്മീഷണർ എച്ച്എസ് റാണ പറഞ്ഞു. അതിനാൽ കെട്ടിടം നിയമവിരുദ്ധമാണെന്ന് കണ്ടെത്തി.
കൂടാതെ, സൊസൈറ്റിക്ക് 231 ചതുരശ്ര മീറ്റർ സ്ഥലമാണുള്ളത്. എന്നാൽ പുതിയ അളവെടുപ്പിൽ കെട്ടിടത്തിന്‍റെ പരിധിയിലുള്ള മൊത്തം ഭൂമി 240 ചതുരശ്ര മീറ്ററാണെന്ന് കണ്ടെത്തി. ഈ അധിക ഭൂമി പിഡബ്ല്യുഡിയുടെ ഉടമസ്ഥതയിലുള്ളതാണെന്നും റാണ ചൂണ്ടിക്കാട്ടി.
സെപ്റ്റംബർ 13 നാണ് മസ്‌ജിദ് വിഷയത്തില്‍ വിവിധ ഹിന്ദു സംഘടനകള്‍ പ്രതിഷേധം സംഘടിപ്പിച്ചത്. പ്രകോപിതരായ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് അന്ന് ജലപീരങ്കി പ്രയോഗിച്ചിരുന്നു. പ്രശ്‌നം ഉടൻ പരിഹരിക്കുമെന്ന് മാണ്ഡി ഡെപ്യൂട്ടി കമ്മിഷണർ ഉറപ്പുനൽകിയതിനെ തുടർന്നാണ് പ്രതിഷേധക്കാർ പിരിഞ്ഞുപോയത്.
Also Read:പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തി ഹിമാചല്‍ പ്രദേശ്; ബിൽ നിയമസഭ കടന്നു