ന്യൂഡൽഹി:ദേശീയ തലത്തിൽ പാർട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള പദ്ധതികളുമായി കോൺഗ്രസ്. താഴെത്തട്ടിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി 800ലധികം ജില്ലാ കമ്മിറ്റികൾ രൂപീകരിക്കാനാണ് പാര്‍ട്ടിയുടെ പദ്ധതി. കോണ്‍ഗ്രസ് ആസ്ഥാനത്ത് ചേര്‍ന്ന ഏഴ് മണിക്കൂര്‍ നീണ്ട ചര്‍ച്ചയിലാണ് തീരുമാനം.
പതിറ്റാണ്ടുകൾക്ക് മുമ്പ് കോൺഗ്രസിൽ ജില്ലാതല കമ്മിറ്റികൾ തീരുമാനങ്ങളെടുക്കുന്ന കീഴ്‌വഴക്കം ഉണ്ടായിരുന്നു. എന്നാൽ സംഘടനാ ബലം ക്ഷയിച്ചതോടെ ഇതിന്‍റെ പ്രാധാന്യം ക്രമേണ നഷ്‌ടപ്പെട്ടു. 2004 മുതൽ രാജ്യം ഭരിച്ച കോൺഗ്രസിന് 2014ൽ കേന്ദ്രത്തിൽ അധികാരം നഷ്‌ടപ്പെട്ടു.
543 എംപിമാരിൽ 44 പേരാണ് 2014ൽ കോൺഗ്രസിന് ഉണ്ടായിരുന്നത്. 2019ൽ എംപിമാരുടെ എണ്ണം 52 ആയി ഉയർത്തി. അതേസമയം, 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 99 സീറ്റുകള്‍ കോണ്‍ഗ്രസ് നേടിയെങ്കിലും ഹരിയാന, മഹാരാഷ്‌ട്ര, ജമ്മു കശ്‌മീർ, ഡൽഹി എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പാർട്ടി തകരുന്ന കാഴ്‌ചയാണ് കണ്ടത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തെരഞ്ഞെടുപ്പ് തോൽവിയുടെ ആഘാതത്തിൽ നിന്നുമാണ് പാര്‍ട്ടിയെ പുനരുജ്ജീവിപ്പാക്കാനുള്ള നടപടികള്‍ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെയും നേതൃത്വത്തില്‍ ആരംഭിച്ചത്. ഇതിന്‍റെ ആദ്യ പടിയെന്നോണം നിരവധി സംസ്ഥാനത്ത് കോണ്‍ഗ്രസ് ചുമതലക്കാരെ നിയമിച്ചിട്ടുണ്ട്.
പുതിയ കോണ്‍ഗ്രസ് ആസ്ഥാനമായ ഇന്ദിരാ ഭവനിൽ ഫെബ്രുവരി 19ന് എഐസിസി ഭാരവാഹികളുമായി ഏഴ് മണിക്കൂർ നീണ്ടുനിന്ന ചര്‍ച്ചയുമുണ്ടായിരുന്നു. ജില്ലാ കമ്മിറ്റികള്‍ വീണ്ടും ശക്തിപ്പെടുത്താനും സംസ്ഥാനത്ത് ചുമതലയുള്ളവരുടെ ഉത്തരവാദിത്തം ശക്തിപ്പെടുത്താനും ജനങ്ങളുടെ പ്രശ്‌നങ്ങൾ ശക്തമായി ഏറ്റെടുക്കാനും യോഗത്തില്‍ തീരുമാനിച്ചു. 'നിരവധി ജില്ലാ കമ്മിറ്റികൾക്ക് പൂർണമായും ഭാരവാഹികളില്ല. രാജ്യത്തുടനീളം ഇപ്പോൾ ഒഴിവുള്ള കസേരകള്‍ മുൻഗണനാടിസ്ഥാനത്തിൽ നികത്തും. ജില്ലാ കമ്മിറ്റികൾ നിലവിലില്ലാത്ത സ്ഥലങ്ങളിൽ അവ സ്ഥാപിക്കും. ഇത് രാജ്യവ്യാപകമായി സംഘടനയെ ശക്തിപ്പെടുത്തും.
സംസ്ഥാന യൂണിറ്റുകളുമായും എഐസിസിയുമായും കൂടിയാലോചിച്ച് ഡിസിസികൾ രാഷ്‌ട്രീയ പരിപാടികൾ ശക്തമായി ഏറ്റെടുക്കും. താഴേത്തട്ടിലുള്ള രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ഫീഡ്‌ബാക്കും സ്ഥാനാർഥി തെരഞ്ഞെടുപ്പിനുള്ള വിവരങ്ങളും ഡിസിസികള്‍ നൽകും. ഇത് ജില്ലാ തലത്തിൽ പാർട്ടിയെ കൂടുതൽ ശക്തമാക്കുന്നതിനുള്ള അധികാര വികേന്ദ്രീകരണമാണ്.
ബ്ലോക്ക്, ബൂത്ത് തലങ്ങളിൽ ടീമുകളെ പുനഃസംഘടിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും. ഇത് ആദ്യപടിയായിരിക്കും. അടുത്ത ഘട്ടം സംസ്ഥാനത്തും കേന്ദ്രത്തിലും കോൺഗ്രസ് ഇതര സർക്കാരുകൾക്കെതിരെ പ്രക്ഷോഭ പരിപാടികൾ ഏറ്റെടുക്കുക എന്നതാണെന്ന് മണിപ്പൂർ, സിക്കിം, ത്രിപുര, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളുടെ ചുമതലയുള്ള എഐസിസി സപ്‌തഗിരി ശങ്കർ ഉലക ഇടിവി ഭാരതിനോട് പറഞ്ഞു.
കോൺഗ്രസ് ആസൂത്രണം ചെയ്‌തിരിക്കുന്ന സേവ് കോൺസ്റ്റിറ്റ്യൂഷൻ കാൽനട യാത്രകൾ , നവീകരിക്കപ്പെട്ട സംഘടനയായിരിക്കും നല്‍കുക എന്നും ഉലക അഭിപ്രായപ്പെട്ടു. ജില്ലാ കമ്മിറ്റികളുടെ ദുർബലത കഴിഞ്ഞ വർഷങ്ങളിൽ നടന്ന സംസ്ഥാന - കേന്ദ്ര തെരഞ്ഞെടുപ്പുകളുടെ ഫലത്തില്‍ പ്രതിഫലിച്ചിട്ടുണ്ടെന്ന് ഹിമാചൽ പ്രദേശിന്‍റെയും ചണ്ഡീഗഢിന്‍റെയും ചുമതലയുള്ള എഐസിസി അംഗം രജനി പാട്ടീല്‍ അഭിപ്രായപ്പെട്ടു. മാറ്റം ഒറ്റരാത്രി കൊണ്ട് സംഭവിക്കില്ലെന്നും നിരന്തരം പരിഷ്‌കരണങ്ങള്‍ നടക്കുമെന്നും രാജ്യസഭാ അംഗം കൂടിയായ രജനി പാട്ടീൽ ഇടിവി ഭാരതിനോട് പറഞ്ഞു.
Also Read:'ലിംഗ സാക്ഷരതയിൽ ഏറ്റവും പുറകിൽ ഭരിക്കുന്നവർ തന്നെ'; ബൃന്ദാ കാരാട്ട്