ന്യൂഡൽഹി :ഗാന്ധി കുടുംബത്തിന്‍റെ വിശ്വസ്‌തനായ സാം പിത്രോദയെ വീണ്ടും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാനായി നിയമിച്ചു. പിന്തുടര്‍ച്ച സ്വത്ത് വിവാദം, ഇന്ത്യക്കാരുടെ വൈവിധ്യം ഉന്നയിച്ചുള്ള സാം പിത്രോദയുടെ പരാമര്‍ശം എന്നിവ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി ആയുധമാക്കിയിരുന്നു. പരാമര്‍ശങ്ങള്‍ വിവാദമായതോടെ കഴിഞ്ഞ മാസം മെയ് എട്ടിനാണ് സാം പിത്രോദ ഇന്ത്യൻ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാൻ സ്ഥാനം രാജിവച്ചത്.
ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്‍റെ ചെയർമാനായി സാം പിത്രോദയെ വീണ്ടും നിയമിച്ചതായി പാർട്ടി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് പ്രസ്‌താവനയിലൂടെ അറിയിച്ചത്. അതേസമയം, പിത്രോദയുടെ നിയമനത്തെ പരിഹസിച്ച് ബിജെപി രംഗത്തെത്തി. മധ്യവർഗത്തെ പീഡിപ്പിക്കുന്നയാൾ തിരിച്ചെത്തി എന്നാണ് പിത്രോദയുടെ പുനർ നിയമനത്തെ കുറിച്ച് ബിജെപി പ്രതികരണം.
'മധ്യവർഗത്തെ പീഡിപ്പിക്കുന്നയാൾ തിരിച്ചെത്തി. കോൺഗ്രസ് ഇന്ത്യയെ കബളിപ്പിക്കുകയാണ്, തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് തൊട്ടുപിന്നാലെ സാം പിത്രോദയെ തിരികെ കൊണ്ടുവന്നു' - ബിജെപി ഐ ടി സെൽ മേധാവി അമിത് മാളവ്യ എക്‌സിൽ കുറിച്ചു. ഏപ്രിൽ അവസാനത്തോടെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പിത്രോദയുടെ അഭിപ്രായങ്ങൾ വലിയ വിവാദം സൃഷ്‌ടിച്ചിരുന്നു. ന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ള ദരിദ്ര വിഭാഗങ്ങൾക്കിടയിൽ പൊതു സമ്പത്ത് പുനർവിതരണം ചെയ്യുമെന്ന പൊതു ധാരണയെ തകർക്കാൻ പാർട്ടി ഇതിനകം തന്നെ പോരാടുന്നതിനാൽ പിത്രോദയുടെ പരാമര്‍ശങ്ങള്‍ കോൺഗ്രസിന് കല്ലുകടിയായി.