ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി കോൺഗ്രസിനെ സാമ്പത്തികമായി ഞെരുക്കുകയാണെന്ന് മുൻ അധ്യക്ഷ സോണിയ ഗാന്ധി. ഒരു നേര്‍ക്കു നേര്‍ പോരാട്ടമാണ് ബിജെപി ആഗ്രഹിക്കുന്നതെങ്കില്‍ ബാങ്ക് അക്കൗണ്ടുകള്‍ തിരികെ നല്‍കണമെന്നും സോണിയ ഗാന്ധി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇന്‍കം ടാക്‌സ് റിട്ടേണ്‍സ് സംബന്ധിച്ച പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിന്‍റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നേതാക്കളുടെ പരാമര്‍ശം.
'ഞങ്ങൾക്ക് പ്രചാരണ പ്രവർത്തനങ്ങളൊന്നും ചെയ്യാൻ കഴിയുന്നില്ല. തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ഞങ്ങളുടെ ശേഷി നശിക്കുകയാണ്'-രാഹുൽ ഗാന്ധി പറഞ്ഞു. മരവിപ്പിച്ചത് കോൺഗ്രസിന്‍റെ അക്കൗണ്ടുകളല്ലെന്നും ഇന്ത്യൻ ജനാധിപത്യത്തെയാണ് മരവിപ്പിച്ചതെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിൽ ഇന്ന് ജനാധിപത്യമില്ല, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യയെന്ന ആശയം ഇന്ന് പൂർണ്ണ നുണയാണ്. കോണ്‍ഗ്രസിന്‍റെ അക്കൗണ്ടുകൾ മരവിപ്പിച്ചത് ഒരു ക്രിമിനൽ പ്രവര്‍ത്തിയാണെന്നും ആ ക്രിമിനല്‍ പ്രവര്‍ത്തി നടത്തുന്നത് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ജനാധിപത്യം സംരക്ഷിക്കാന്‍ രാജ്യത്ത് സംവിധാനമുണ്ടെങ്കിലും ഒന്നും നടക്കുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
കോൺഗ്രസിന്‍റെ അക്കൗണ്ടിൽ നിന്ന് പണം ബലമായി പിടിച്ചെടുക്കുന്നു എന്നാണ് സോണിയ ഗാന്ധി ആരോപിച്ചത്. കോൺഗ്രസിനെ സാമ്പത്തികമായി തളർത്താൻ പ്രധാനമന്ത്രി ആസൂത്രിതമായ ശ്രമമാണ് നടക്കുന്നതെന്നും അവര്‍ ആരോപിച്ചു. ഒരു വശത്ത് ഇലക്‌ടറൽ ബോണ്ട് വിഷയം, മറുവശത്ത് പ്രധാന പ്രതിപക്ഷ പാർട്ടിയുടെ സമ്പത്ത് ആക്രമിക്കപ്പെടുന്നു.
ഈ വെല്ലുവിളികൾക്കിടയിലും പ്രചാരണത്തിന്‍റെ ശക്തി പരമാവധി നിലനിർത്താൻ ഞങ്ങൾ ശ്രമിക്കുന്നുണ്ടെന്നും സോണിയ ഗാന്ധി മാധ്യമപ്രവർത്തകരോട് പറഞ്ഞു. വിഷയം അതീവ ഗുരുതരമാണെന്നും കോൺഗ്രസിനെ മാത്രമല്ല, ഇന്ത്യയുടെ ജനാധിപത്യത്തെ തന്നെ ബാധിക്കുന്നതാണെന്നും അവർ കൂട്ടിച്ചേര്‍ത്തു.
സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പുകൾക്ക് വേണ്ടി ബാങ്ക് അക്കൗണ്ടുകൾ ആക്‌സസ് ചെയ്യാൻ പാര്‍ട്ടിയെ അനുവദിക്കണമെന്ന് ഭരണഘടനാ സ്ഥാപനങ്ങളോട് അഭ്യർത്ഥിക്കുന്നതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാർഗെയും പറഞ്ഞു. ബിജെപി ഒരു വശത്ത് തെരഞ്ഞെടുപ്പ് ബോണ്ടുകൾ വഴി ഫണ്ട് സ്വരൂപിക്കുമ്പോള്‍ മറുവശത്ത് തെരഞ്ഞെടുപ്പ് പോരാട്ടത്തിന് തടസം സൃഷ്‌ടിക്കാൻ കോൺഗ്രസിന്‍റെ അക്കൗണ്ടുകൾ മരവിപ്പിക്കുകയാണെന്നും ഖാര്‍ഗെ പറഞ്ഞു. ഭരണത്തിലുള്ളവർക്ക് ഭരണഘടനാ സ്ഥാപനങ്ങളുടെ മേൽ പ്രത്യക്ഷമായോ പരോക്ഷമായോ നിയന്ത്രണം പാടില്ലെന്നും അധികാരത്തിലുള്ളവർ ഒന്നും കുത്തക ആക്കി വെക്കരുതെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.
Also Read :ബിജെപി പരിപാടിക്ക് വ്യോമസേന ഹെലികോപ്‌ടർ; മോദി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന പരാതിയുമായി തമിഴ്‌നാട് കോണ്‍ഗ്രസ്