ശ്രീനഗര്‍: ജമ്മുവിൽ സ്വാധീനമുണ്ടാക്കാനും ബിജെപിയുടെ സ്വാധീനം തടയാനും കോൺഗ്രസും നാഷണൽ കോൺഫറൻസും (എൻസി) പാടുപ്പെട്ടുവെന്ന് കോൺഗ്രസ് നേതാവ് ഗുലാം അഹമ്മദ് മിർ. കോൺഗ്രസ് എൻസിയുമായി സഖ്യമുണ്ടാക്കിയതിന്‍റെ പ്രധാന കാരണം ബിജെപിയുടെ ആധിപത്യ മേഖലകള്‍ തകര്‍ക്കുക എന്നതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്‌മീര്‍ തെരഞ്ഞെടുപ്പ് ഫലത്തെപ്പറ്റി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ജമ്മുവിലായിരുന്നു കടുത്ത പോരാട്ടം. എൻസിക്ക് രണ്ടോ മൂന്നോ സീറ്റുകൾ മാത്രമേ അവിടെ നേടാനാകൂ. ബിജെപിയെ ശക്തികേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ ഞങ്ങൾ സഖ്യത്തിൽ ചേർന്നു. പക്ഷേ ഞങ്ങളും അതില്‍ പരാജയപ്പെട്ടു. എൻസിക്കോ കോൺഗ്രസിനോ അവിടെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്നും ഗുലാം അഹമ്മദ് മിർ പറഞ്ഞു.
കശ്‌മീരില്‍ കോണ്‍ഗ്രസ് നേതാക്കളുടെ സ്വാധീനം തെരഞ്ഞെടുപ്പിന് കാര്യമായി ഗുണം ചെയ്‌തതായും ഗുലാം അഹമ്മദ് മിർ പറഞ്ഞു. 'ആനുപാതികമായി നോക്കുകയാണെങ്കില്‍ ഞങ്ങൾ കശ്‌മീർ താഴ്‌വരയിൽ മികച്ച പ്രകടനം കാഴ്‌ചവച്ചു. അതായത് കോൺഗ്രസ് നേതാക്കൾ കശ്‌മീരിനെ കാര്യമായി സ്വാധീനിക്കുന്നു. എൻസി കൂടുതൽ സീറ്റുകളിൽ മത്സരിച്ചതിനാല്‍ അവർക്ക് കൂടുതൽ സീറ്റുകള്‍ ലഭിച്ചു. അത് വേറെ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.