അഗർത്തല (പശ്ചിമ ത്രിപുര) :അഗർത്തലയിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി ക്ലബിന്‍റെ സെക്രട്ടറി വെടിയേറ്റ് മരിച്ചു. ഷൽബഗൻ പ്രദേശത്ത്, എംബിബി എയർപോർട്ടിന് സമീപം സ്ഥിതി ചെയ്യുന്ന ഭാരതരത്‌ന ക്ലബിൻ്റെ സെക്രട്ടറി ദുർഗ പ്രസന്ന ദേബാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്‌ച (ഏപ്രിൽ 30) രാത്രി 8 മണിയോടെ ആയിരുന്നു സംഭവം.
ഒരു സംഘം അക്രമികള്‍ ദുർഗ പ്രസന്ന ദേബിനെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിന് ശേഷം അക്രമികൾ രക്ഷപ്പെട്ടതായും ഉദ്യോഗസ്ഥർ അറിയിച്ചു. സംസ്ഥാനത്തെ ഏറ്റവും വലിയ ദുർഗാപൂജ ഉത്സവം സംഘടിപ്പിക്കുന്നതിന് പേരുകേട്ട കമ്മ്യൂണിറ്റി ക്ലബാണ് ഭാരതരത്‌ന.
അതേസമയം സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി വെസ്റ്റ് ത്രിപുര പൊലീസ് സൂപ്രണ്ട് ഡോ. കിരൺ കുമാർ പറഞ്ഞു. എയർപോർട്ട് പൊലീസ് സ്റ്റേഷനിലെയും ന്യൂ ക്യാപിറ്റൽ കോംപ്ലക്‌സ് പൊലീസ് സ്റ്റേഷനിലെയും ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സംഘങ്ങൾ അക്രമികളെ പിടികൂടാൻ സംയുക്ത തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പ്രതികളുടെ സാധ്യതയുള്ള ഒളിത്താവളങ്ങളിൽ ആവർത്തിച്ചുള്ള റെയ്‌ഡുകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം ഫറഞ്ഞു.