ഇംഫാൽ: മണിപ്പൂരില്‍ വീണ്ടും വെടിവെപ്പ്. ഇംഫാൽ വെസ്‌റ്റ് ജില്ലയിലാണ് രണ്ട് സമുദായക്കാര്‍ തമ്മിൽ കനത്ത വെടിവെപ്പ് ഉണ്ടായത്. കാങ്‌പോക്‌പി ജില്ലയിലെ സമീപ കുന്നുകളിൽ നിന്ന് ഇംഫാൽ താഴ്‌വരയുടെ പ്രാന്തപ്രദേശത്തുള്ള കുട്രുക്ക് ഗ്രാമത്തിലേക്ക് സായുധ സംഘം വെടിയുതിർത്തതായും എതിര്‍ ചേരിയിലുള്ളവര്‍ തിരിച്ചടിച്ചതായും പൊലീസ് പറഞ്ഞു.
സംഭവത്തിൽ ഇത് വരെ ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. സംഘർഷത്തെ തുടർന്ന് സ്ത്രീകളും കുട്ടികളും പ്രായമായവരും ഉൾപ്പെടെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി. 'പമ്പി' എന്നറിയപ്പെടുന്ന പ്രാദേശികമായി നിർമ്മിച്ച മോർട്ടാർ ഷെല്ലുകളും അക്രമികള്‍ വെടിവയ്പ്പിനിടെ ഉപയോഗിച്ചതായി പൊലീസ് അറിയിച്ചു.
ഷെല്ലുകളില്‍ ചിലത് ഗ്രാമീണരുടെ വീടിന്‍റെ ഭിത്തികളില്‍ തുളച്ചുകയറിയതായി റിപ്പോർട്ടുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ കേന്ദ്ര-സംസ്ഥാന സുരക്ഷാ സേനകളുടെ വൻ സംഘം പ്രദേശത്ത് എത്തിയിട്ടുണ്ട്.
ശനിയാഴ്‌ച പുലർച്ചെ ബിഷ്‌ണുപൂർ ജില്ലയിലെ സുരക്ഷാ സേനയുടെ ക്യാമ്പിന് നേരെ സായുധ സംഘങ്ങൾ നടത്തിയ ആക്രമണത്തിൽ ഒരു സബ് ഇൻസ്‌പെക്‌ടർ ഉൾപ്പെടെ രണ്ട് സിആർപിഎഫ് ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.