ചണ്ഡീഗഡ് : ചണ്ഡീഗഡില്‍ നടന്ന മുനിസിപ്പൽ കോർപ്പറേഷന്‍ ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ജയം. ബിജെപി സ്ഥാനാർത്ഥിയായ കുൽദീപ് സന്ധു മുനിസിപ്പൽ കോർപ്പറേഷന്‍ സീനിയർ ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുക്കപ്പെട്ടു. 19 വോട്ടുകളാണ് സന്ധു നേടിയത്.
കോൺഗ്രസ് എ.എ.പി സഖ്യ സ്ഥാനാർത്ഥി ഗുർപ്രീത് സിങ് ഗാബിയെയാണ് സന്ധു പരാജയപ്പെടുത്തിയത്. 16 വോട്ടുകളാണ് ഗുർപ്രീത് സിങ് ഗാബിക്ക് ലഭിച്ചത്. ഒരു വോട്ട് അസാധുവായി.
ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് 19 വോട്ടുകൾ നേടി രാജേന്ദ്ര കുമാർ ശർമ്മ വിജയിച്ചു. പ്രതിപക്ഷത്തിന് 17 വോട്ടുകളാണ് ലഭിച്ചത്. 35 അംഗ ചണ്ഡീഗഡ് മുനിസിപ്പാലിറ്റിയിൽ ബിജെപി സഖ്യത്തിന് 14 സീറ്റുകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഫെബ്രുവരി 19 ന് മൂന്ന് ആം ആദ്‌മി പാർട്ടി കൗൺസിലർമാർ ബിജെപിയിൽ ചേർന്നതോടെ അംഗ ബലം വര്‍ദ്ധിക്കുകയായിരുന്നു.പൂനം ദേവി, നേഹ മുസാവത്, ഗുർചരൺ കാല എന്നിവരാണ് എഎപി വിട്ട് ബിജെപിയിൽ ചേർന്ന കൗൺസിലർമാർ. അകാലിദൾ കൗൺസിലറുടെ പിന്തുണയും ബിജെപിക്കാണ്.
മേയറും ഡെപ്യൂട്ടി മേയറുമായിരുന്നില്ല പ്രശ്‌നം എന്നും പഞ്ചാബിലെ ആം ആദ്‌മി പാർട്ടിയും കോൺഗ്രസും തമ്മിലുള്ള സഖ്യമാണ് പ്രശ്‌നമെന്നും ഫലത്തോട് പ്രതികരിച്ചുകൊണ്ട് പഞ്ചാബ് ബിജെപി അധ്യക്ഷൻ സുനിൽ ജാഖർ പറഞ്ഞു. പഞ്ചാബിലെ ജനങ്ങളെ അവർ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മേയർ തെരഞ്ഞെടുപ്പിൽ എഎപി കൗൺസിലർ കുൽദീപ് കുമാറിനെ വിജയിയായി സുപ്രീം കോടതി നേരത്തെ പ്രഖ്യാപിച്ചിരുന്നു. റിട്ടേണിങ് ഓഫീസർ അനിൽ മസിഹ് ബിജെപി സ്ഥാനാർത്ഥി മനോജ് കുമാർ സോങ്കറിനെ ചണ്ഡിഗഡ് മേയറായി ജനുവരി 30ന് പ്രഖ്യാപിച്ച തീരുമാനം ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ആധ്യക്ഷനായ ബെഞ്ച് റദ്ദാക്കുകയായിരുന്നു. കുൽദീപ് കുമാറിന് ലഭിച്ച എട്ട് വോട്ടുകള്‍ റിട്ടേണിംഗ് ഓഫീസർ മനഃപൂർവം അസാധുവാക്കിയെന്ന് സുപ്രീം കോടതി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. സുപ്രീംകോടതി ബാലറ്റ് പേപ്പറുകൾ നേരിട്ട് പരിശോധിച്ച് ബോധ്യപ്പെട്ടാണ് കുൽദീപ് കുമാറിനെ മേയറായി പ്രഖ്യാപിക്കാൻ നിർദ്ദേശിച്ചത്.
Also Read :ചണ്ഡിഗഡ് മേയര്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി ; ആദ്യ ഫലം റദ്ദാക്കി സുപ്രീം കോടതി, വിജയി ആം ആദ്‌മി പാർട്ടി സ്ഥാനാർത്ഥി