റാഞ്ചി:ജാര്‍ഖണ്ഡിലെ രാഷ്‌ട്രീയ നാടകങ്ങള്‍ക്കിടയില്‍ പുതിയ മുഖ്യമന്ത്രിയാകാനിരിക്കുന്ന ചംപൈ സോറന്‍ അടക്കം ജെഎംഎം സഖ്യത്തിലെ അഞ്ചംഗ സംഘം ഇന്ന് (ഫെബ്രുവരി 01) ഗവര്‍ണര്‍ സിപി രാധാകൃഷ്‌ണനെ കാണും. ഇന്ന് വെകിട്ട് 5.30നാണ് കൂടിക്കാഴ്‌ച. സംസ്ഥാനത്ത് പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാനായാണ് കൂടിക്കാഴ്‌ച.
ചംപൈ സോറനെ പുതിയ മുഖ്യമന്ത്രിയാക്കാന്‍ ജെഎംഎം ശ്രമം തുടരുമ്പോള്‍ 35 ജെഎംഎം, രാഷ്‌ട്രീയ ജനതാദള്‍, കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിയവരെ റാഞ്ചിയില്‍ നിന്നും ഹൈദരാബാദിലേക്ക് മാറ്റുകയാണ്. സംസ്ഥാനത്ത് തുടരുന്ന നിലവിലെ രാഷ്‌ട്രീയ സാഹചര്യത്തില്‍ ജെഎംഎമ്മില്‍ നിന്നും അടക്കമുള്ള എംഎല്‍എമാരെ മറ്റ് പാര്‍ട്ടികള്‍ സ്വാധീനിക്കാനുള്ള സാധ്യതയുണ്ട്. ഈ സാഹചര്യം മുന്നില്‍ കണ്ടാണ് പാര്‍ട്ടി നടപടി.
ഇന്ന് രാവിലെ 10.30നാണ് സംഘം റാഞ്ചിയിലെ വിമാനത്താവളത്തില്‍ നിന്ന് യാത്ര തിരിക്കേണ്ടത്. എന്നാല്‍ കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് യാത്ര തിരിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ വൈകിട്ട് 5 മണിയോടെ സംഘം ഹൈദരാബാദ് വിമാനത്താവളത്തിയേക്കും. അതേസമയം പാര്‍ട്ടിയിലെ ഏതാനും എംഎല്‍എമാര്‍ നിലവില്‍ റാഞ്ചിയില്‍ തുടരുന്നുണ്ട്.
ഹേമന്ത് സോറന്‍റെ അറസ്റ്റ്:ബുധനാഴ്‌ച (ജനുവരി 31) രാത്രിയിലാണ് ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്‌തത്. ഭൂമി കുംഭകോണ കേസിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഹേമന്ത് സോറനെ അറസ്റ്റ് ചെയ്‌തത്. ദീര്‍ഘ നേരം തുടര്‍ന്ന ഇഡിയുടെ ചോദ്യം ചെയ്യലിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കുകയും തുടര്‍ന്ന് ഇഡി അദ്ദേഹത്തെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതോടെ പുതിയ മുഖ്യമന്ത്രിയായി ഹേമന്ത് സോറന്‍റെ ഭാര്യ കല്‍പ്പന സോറനെത്തുമെന്നുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നാലെയാണ് ചംപൈ സോറന്‍ പുതിയ മുഖ്യമന്ത്രിയാകുമെന്ന വാര്‍ത്തകള്‍ പുറത്ത് വന്നത്. ഹേമന്ത് സോറന്‍ അറസ്റ്റിലായതിന് പിന്നാലെ ജാര്‍ഖണ്ഡിന്‍റെ അഭിമാനം സംരക്ഷിക്കുമെന്ന് ചംപൈ സോറന്‍ പറഞ്ഞിരുന്നു.
'തനിക്ക് 47 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നും ജാര്‍ഖണ്ഡിന്‍റെ അഭിമാനം കാത്ത് സൂക്ഷിക്കാനായി പ്രയത്നം തുടരുമെന്നും ചംപൈ സോറന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ചംപൈ സോറന്‍ ഗവര്‍ണര്‍ സിപി രാധാകൃഷ്‌ണന് സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് കത്ത് അയക്കുകയും ചെയ്‌തിരുന്നു. വിഷയം ചര്‍ച്ച ചെയ്യാന്‍ ഗവര്‍ണറോട് 3 മണിക്ക് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഗവര്‍ണര്‍ 5.30ന് കൂടിക്കാഴ്‌ചക്ക് അനുമതി നല്‍കുകയുമായിരുന്നു.
Also Read:ജാര്‍ഖണ്ഡ് കടുവയെന്ന് വിളിപ്പേര്, ഷിബുവിന്‍റെയും ഹേമന്തിന്‍റെയും വിശ്വസ്‌തന്‍ ; ചമ്പയ് സോറനെ അറിയാം