ന്യൂഡൽഹി: ഇന്ത്യയിലെ ഉള്ളി കയറ്റുമതിക്ക് മേലുള്ള നിരോധനം നീക്കി ടണ്ണിന് 550 ഡോളര്‍ മിനിമം കയറ്റുമതി വില (എംഇപി) ഏർപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡിജിഎഫ്‌ടി) വിജ്ഞാപനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഉള്ളിയുടെ കയറ്റുമതിയില്‍ 40 ശതമാനം തീരുവ കഴിഞ്ഞ ദിവസം സർക്കാർ ഏർപ്പെടുത്തി. കഴിഞ്ഞ വർഷം ഓഗസ്‌റ്റ് മുതല്‍ ഡിസംബർ 31 വരെ ഇന്ത്യ ഉള്ളിക്ക് 40 ശതമാനം കയറ്റുമതി തീരുവ ചുമത്തിയിരുന്നു.
ബംഗ്ലാദേശ്, യുഎഇ, ഭൂട്ടാൻ, ബഹ്‌റൈൻ, മൗറീഷ്യസ്, ശ്രീലങ്ക എന്നീ ആറ് അയൽ രാജ്യങ്ങളിലേക്ക് 99,150 ടൺ ഉള്ളി കയറ്റുമതി ചെയ്യാൻ സർക്കാർ അനുമതി നൽകിയതായി ഉപഭോക്തൃകാര്യ-ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയം ഔദ്യോഗിക പ്രസ്‌താവനയിൽ അറിയിച്ചിരുന്നു.
2023 ഡിസംബർ 8 ന് ആണ് രാജ്യത്ത് ഉള്ളിയുടെ കയറ്റുമതി നിരോധിച്ചത്. ഈ വര്‍ഷം മാർച്ചിൽ കയറ്റുമതി നിരോധനം നീട്ടുകയായിരുന്നു. മാർച്ചിൽ കേന്ദ്ര കൃഷി മന്ത്രാലയം ഉള്ളി ഉൽപാദനത്തിൻ്റെ കണക്കുകൾ പുറത്തുവിട്ടിരുന്നു.