ലഖ്നൗ/ന്യൂഡല്‍ഹി: നൂറ് കോടി രൂപയുടെ അനധികൃത ഖനനവുമായി ബന്ധപ്പെട്ട കേസില്‍ ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി അധ്യക്ഷനുമായി അഖിലേഷ് യാദവിനെ ചോദ്യം ചെയ്യാന്‍ വിളിച്ച് സിബിഐ. കേസില്‍ സാക്ഷിയെന്ന നിലയിലാണ് അഖിലേഷിനെ ചോദ്യം ചെയ്യുക(Akhilesh yadav).
അഞ്ച് വര്‍ഷം മുമ്പാണ് കേസ് എടുത്തിട്ടുള്ളത്. സിആര്‍പിസി 160ാം സെക്ഷന്‍ അനുസരിച്ചാണ് അഖിലേഷിനോട് ഹാജരാകാന്‍ സിബിഐ നിര്‍ദ്ദേശിച്ചിട്ടുള്ളത്. 2019ലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നാളെയാണ് അഖിലേഷ് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടത്(CBI).
സിആര്‍പിസി 160 പ്രകാരം സാക്ഷിയെ മൊഴിയെടുക്കാനായി ഒരു പൊലീസുകാരന് വിളിച്ച് വരുത്താനാകും. ഇടെന്‍ഡറിംഗ് നടപടികള്‍ അട്ടിമറിച്ചാണ് ഖനനത്തിന് അനുമതി നല്‍കിയത് എന്നാണ് ആരോപണം. അലഹബാദ് ഹൈക്കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. അഖിലേഷ് യാദവ് മുഖ്യമന്ത്രി ആയിരിക്കെ 2012-16ല്‍ പൊതുസേവകര്‍ ഖനനത്തിന് അനുമതി നല്‍കിയെന്നാണ് ആരോപണം. ഖനനം ദേശീയ ഹരിത ട്രൈബ്യൂണല്‍ നിരോധിച്ചിട്ടും അനധികൃതമായി ലൈസന്‍സ് പുതുക്കി നല്‍കുകയും ചെയ്തു എന്നും ആരോപണമുണ്ട്(Illegal mining).
ധാതുക്കള്‍ ചൂഷണം ചെയ്യാനായി കരാറുകാരില്‍ നിന്നും ഡ്രൈവര്‍മാരില്‍ നിന്നും കൈക്കൂലി വാങ്ങിയെന്നും ആരോപണമുണ്ട്. ചെറുധാതുക്കളുടെ അനധികൃത ഖനനത്തിനെതിരെ അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമുള്ള അന്വേഷണത്തില്‍ സിബിഐ ഏഴ് പ്രാഥമിക അന്വേഷണമാണ് 2016ല്‍ നടത്തിയത്. ഒറ്റദിവസം മാത്രം മുഖ്യമന്ത്രി അഖിലേഷ് യാദവിന്‍റെ ഓഫീസ് പതിമൂന്ന് പദ്ധതികള്‍ക്ക് അനുമതി നല്‍കിയതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് സിബിഐ ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു. ഖനന വകുപ്പ് കുറച്ച് നാള്‍ കൈകാര്യം ചെയ്തിരുന്ന മുഖ്യമന്ത്രി അഖിലേഷ് യാദവ് പതിനാല് കരാറുകള്‍ അനുവദിച്ചു. ഇതില്‍ പതിമൂന്നും 2013 ഫെബ്രുവരി പതിനേഴിനാണ് നല്‍കിയിരിക്കുന്നത്. ഇ ടെന്‍ഡറിംഗ് നടപടികള്‍ അട്ടിമറിച്ച് കൊണ്ടായിരുന്നു ഇത്.