പെദ്ദവാഗുപദ്ധതി പ്രദേശത്ത് കനത്ത വെള്ളപ്പൊക്കം (ETV Bharat) ഹൈദരാബാദ്:തെലങ്കാനയിലെ പെദ്ദവാഗു അണക്കെട്ട് പ്രദേശത്തുണ്ടായ വെള്ളപ്പൊക്കത്തില്‍ നൂറ് കണക്കിന് കന്നുകാലികള്‍ ഒഴുകിപ്പോയതായി റിപ്പോര്‍ട്ട്. ജനങ്ങള്‍ രാത്രി കഴിച്ച് കൂട്ടിയത് കുന്നിന് മുകളിലും ഉയരമുള്ള കെട്ടിടങ്ങള്‍ക്ക് മുകളിലുമായെന്നും റിപ്പോര്‍ട്ട്. പെദ്ദവാഗു പദ്ധതി പ്രദേശത്തിന് സമീപമുള്ള ഭദ്രാദ്രി ജില്ലയിലെ അശ്വറാവുപേട്ടയിലെ ഗുമ്മാദിവാലിയില്‍ കഴിഞ്ഞ രാത്രിയില്‍ വന്‍ മണ്ണിടിച്ചിലുണ്ടായി.
ഇതോടെ അണക്കെട്ട് തകരുകയും വെള്ളം മുഴുവന്‍ താഴേക്ക് ഒഴുകിപ്പോകുകയും അണക്കെട്ട് ശൂന്യമാകുകയും ചെയ്‌തു. അണക്കെട്ട് തകര്‍ന്നതോടെയാണ് വെള്ളപ്പൊക്കമുണ്ടായത്. ആയിരക്കണക്കിന് ഏക്കര്‍ സ്ഥലത്തെ കൃഷിയും നശിച്ചിട്ടുണ്ട്. ഗ്രാമീണര്‍ മിക്കവരും കുന്നുകളിലും ഉയരമുള്ള കെട്ടിടങ്ങള്‍ക്ക് മുകളിലും അഭയം തേടി. എന്താണ് സംഭവിക്കുന്നത് പോലും മനസിലാകാതെ ഇവര്‍ ഓടിപ്പോകുകയായിരുന്നു. ഗ്രാമങ്ങളില്‍ ഗതാഗതം തടസപ്പെട്ടതോടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അസാധ്യമായി.
ഭദ്രാചലത്തില്‍ വെള്ളപ്പൊക്കം
ഭദ്രാചലം ഭാഗത്തുള്ള ഗോദാവരി നദിയില്‍ ജലനിരപ്പ് ഉയരുകയാണ്. മുകളില്‍ നിന്ന് വെള്ളം ഒഴുകി വരുന്നതാണ് നദിയിലെ ജലനിരപ്പ് ഉയരാന്‍ കാരണം. വ്യാഴാഴ്‌ച ഇരുപത് അടിയായിരുന്ന ജലനിരപ്പ് ഇന്ന് രാവിലെ ഒന്‍പത് മണിയോടെ 24.5 അടിയായി. ഗോദാവരിയുടെ ഉത്ഭവസ്ഥാനമായ പേരൂര്‍ മേഖലകളിലെ ജലനിരപ്പ് 40.86 അടിയാണ് രാവിലെ ഒന്‍പത് മണിക്ക് രേഖപ്പെടുത്തിയിരിക്കുന്നത്.
വെള്ളം ഇന്ദ്രവതി, പേരുര് മേഖലകളില്‍ നിന്ന് ഭദ്രാചലത്തിലൂടെ ഒഴുകി വരികയാണ്. അത് കൊണ്ട് തന്നെ ഇവിടെ ജലനിരപ്പ് ഇനിയും ഉയരുമെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. ജലനിരപ്പ് 43 അടിയിലെത്തിയാല്‍ ആദ്യ അപകടമുന്നറിയിപ്പ് നല്‍കും. 48 അടിയിലെത്തുമ്പോള്‍ രണ്ടാമത്തെ മുന്നറിയിപ്പും 53ലെത്തിയാല്‍ മൂന്നാമത്തെ മുന്നറിയിപ്പും ഉണ്ടാകും.
അതിതീവ്ര ന്യൂമര്‍ദ്ദം, തെലങ്കാനയിലെ മിക്ക ജില്ലകളിലും കനത്ത മഴയ്ക്ക് സാധ്യത
ദക്ഷിണ, വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടിട്ടുണ്ട്. ഇത് അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറിയിട്ടുണ്ട്. അടുത്ത പന്ത്രണ്ട് മണിക്കൂറിനുള്ളില്‍ ഇത് ശക്തമായ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്ന് ഹൈദരാബാദ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിന്‍റെ ഫലമായി തെലങ്കാനയിലെ മുളുഗു, ഭദ്രാദ്രി കോതഗുഡം, ഖമ്മം, മെഹബൂബബാദ് ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.
കുമരന്‍ ഭീം അസിഫാബാദ്, മന്‍ചിര്‍യാല, കരിംനഗര്‍, പെദപ്പള്ളി, ജയശങ്കര്‍ ഭൂപാലപള്ളി, വാറങ്കല്‍, ഹനുമകൊണ്ട ജില്ലകളില്‍ കനത്ത മഴയും അതിതീവ്ര മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു. ഹൈദരാബാദിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.
Also Read:ആര്‍ത്തലച്ച് തോട്, പിഞ്ചുകുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് 'സാഹസിക രക്ഷാപ്രവര്‍ത്തനം'; ഫയര്‍ ഫോഴ്‌സിന് കയ്യടി - വീഡിയോ