ഹൈദരാബാദ്: ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള നാലാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പുറത്ത് വിട്ടത്. ഈ പട്ടികയിലും കേരളത്തിലെ നാല് മണ്ഡലങ്ങളില്ല. വയനാട്, ആലത്തൂര്‍, എറണാകുളം, കൊല്ലം എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് ഇനി പ്രഖ്യാപിക്കാനുള്ളത്.
നടി രാധിക ശരത് വിരുതുനഗറില്‍ നിന്നാണ് മത്സരത്തിനിറങ്ങുക. അതേസമയം തുരുവള്ളൂരില്‍ നിന്നാണ് പൊന്‍ വി ബാലഗണപതിക്ക് പാര്‍ട്ടി ടിക്കറ്റ് നല്‍കിയത്. ചെന്നൈ നോര്‍ത്തില്‍ ആര്‍സി പോള്‍ കനകരാജും തിരുവണ്ണാമലൈയില്‍ എ അശ്വഥാമനുമാണ് ബിജെപിയുടെ മത്സര രംഗത്തുണ്ടാകുക. കെ പി രാമലിംഗത്തിന് നാമക്കലില്‍ ടിക്കറ്റ് നല്‍കുമ്പോള്‍ എ പി മുരുകാനന്ദം തിരുപ്പൂരിൽ നിന്ന് മത്സരത്തിനിറങ്ങും.
തമിഴ്‌നാട്ടില്‍ ആകെ 39 ലോക്‌സഭ സീറ്റുകളാണുള്ളത്. സംസ്‌ഥാനത്ത് പിഎംകെ പാര്‍ട്ടിയുമായി ബിജെപി ധാരണയിലെത്തിയിട്ടുണ്ട്. പൊള്ളാച്ചിയില്‍ കെ വസന്തരാജനെയും കരൂരില്‍ വി വി സെന്തില്‍നാഥനെയുമാണ് ബിജെപി മത്സരിപ്പിക്കുന്നത്. പി കാര്‍ത്യായനി ചിദംബരത്തില്‍ നിന്നും എസ് ജി എം രമേശ് നാഗപട്ടണത്ത് നിന്നും മത്സരത്തിനിറങ്ങും.
Also Read: എഐഎഡിഎംകെയ്ക്ക് കനത്ത പ്രഹരം ; തമിഴ്‌നാട്ടില്‍ പിഎംകെ എന്‍ഡിഎയില്‍
എം മുരുകാനന്ദം തഞ്ചാവൂരില്‍ നിന്നും ഡോ. ദേവനാഥന്‍ യാദവ് ശിവഗംഗയില്‍ നിന്നും ജനവിധി തേടുമ്പോള്‍ പ്രൊഫസര്‍, രാമ ശ്രീനിവാസന്‍ മധുരയില്‍ നിന്നും, ബി ജോണ്‍ പാണ്ഡ്യന്‍ തെങ്കാശിയില്‍ നിന്നും മത്സരിക്കും. പുതുശ്ശേരിയില്‍ നിന്ന് എ നമശിവായം മത്സരിക്കുമ്പോള്‍, തെലങ്കാന മുൻ ഗവർണർ തമിഴിസൈ സൗന്ദരരാജനെ ചെന്നൈ സൗത്തിലും, തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ കോയമ്പത്തൂരിലും മത്സരത്തിനിറങ്ങും.