ഡല്‍ഹി:ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ദേശീയ കൺവെൻഷൻ വിളിച്ച് ബിജെപി. പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാര്‍ മുതല്‍ പഞ്ചായത്ത് തലത്തിലുള്ള പ്രതിനിധികളെ വരെ ക്ഷണിച്ചാണ് വന്‍ സമ്മേളനം ബിജെപി ഒരുക്കുന്നത്. ഫെബ്രുവരി 17-18 തീയതികളിലായി ദേശീയ തലസ്ഥാനത്തെ ഭാരത് മണ്ഡപത്തിലായിരിക്കും ദ്വിദിന കണ്വെന്ഷന് ചേരുക.
തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്നതിനും, അത് താഴെത്തട്ടില്‍ നടപ്പിലാക്കുന്നതിനുള്ള ആലോചനകള്‍ക്കുമായി ഫെബ്രുവരി 17ന് ആരംഭിക്കുന്ന സമ്മേളനം പാർട്ടി ദേശീയ അധ്യക്ഷൻ ജെപി നദ്ദ ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 18ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തോടെ കൺവെൻഷൻ സമാപിക്കും. ഇതിന് മുന്നോടിയായി ദേശീയ ഭാരവാഹികളുടെ യോഗവും ബിജെപി വിളിച്ചിട്ടുണ്ട് (BJP Has Convened A National Convention On February 17-18).