ന്യൂഡൽഹി:മഹാരാഷ്‌ട്ര നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടിക ഒരാഴ്‌ചയ്‌ക്കുള്ളിൽ പുറത്തുവിടുമെന്ന് ബിജെപി. ഭരണപക്ഷമായ മഹായുതി സഖ്യം ഏതാണ്ട് 90 ശതമാനം സീറ്റുകളിലും സമവായത്തിലെത്തിയതായും വൃത്തങ്ങള്‍ അറിയിച്ചു. ബിജെപി 150 ലധികം സീറ്റുകളിലും ഏക്‌നാഥ് ഷിൻഡെ പക്ഷം ശിവസേന 80-85 സീറ്റുകളിലും അജിത് പവാറിന്‍റെ എൻസിപി 40-45 വരെ സീറ്റുകളിലും മത്സരിക്കുമെന്നാണ് സൂചന.
മുസ്‌ലിം ഭൂരിപക്ഷ സീറ്റുകളിൽ എൻസിപി സ്ഥാനാർഥികളെ മത്സരിപ്പിച്ചേക്കും. ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ഡല്‍ഹിയില്‍ ചേരുകയും സ്ഥാനാർഥികളെ കുറിച്ച് ചർച്ച നടത്തുകയും ചെയ്‌തിരുന്നു. 100 ലധികം സീറ്റുകളിലാണ് ചർച്ച നടന്നത്. മഹായുതി സഖ്യത്തിലെ മറ്റ് കക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ചയ്‌ക്ക് ശേഷം ബാക്കി സ്ഥാനാർഥികളെ തീരുമാനിക്കുമെന്നും വൃത്തങ്ങള്‍ അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുടെ അധ്യക്ഷതയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് ബുധനാഴ്‌ച രാത്രി യോഗം നടന്നത്. ആഭ്യന്തര മന്ത്രി അമിത് ഷാ, അശ്വിനി വൈഷ്‌ണവ്, ഭൂപേന്ദ്ര യാദവ്, പിയൂഷ് ഗോയൽ, ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ബി എൽ സന്തോഷ് എന്നിവരുൾപ്പെടെ മുതിർന്ന പാർട്ടി നേതാക്കളും മഹാരാഷ്‌ട്ര ബിജെപി നേതാക്കളായ ദേവേന്ദ്ര ഫഡ്‌നാവിസ്, റാവുസാഹേബ് ദൻവെ, വിനോദ് താവ്‌ഡെ, ആശിഷ് ഷെലാർ, എന്നിവരും യോഗത്തില്‍ പങ്കെടുത്തു.