ന്യൂഡല്‍ഹി: മുന്‍ എഎപി നേതാവും ഡല്‍ഹി മന്ത്രിയുമായിരുന്ന കൈലാസ് ഗെഹ്‌ലോട്ടിനെ ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് കോഓര്‍ഡിനേഷന്‍ സമിതിയംഗമായി നിയോഗിച്ച് ബിജെപി. ഈ മാസം പതിനേഴിനാണ് ഡല്‍ഹി ഗതാഗത മന്ത്രി സ്ഥാനത്ത് നിന്ന് ഗെഹ്‌ലോട്ട് രാജി വച്ചത്. തൊട്ടടുത്ത ദിവസം തന്നെ അദ്ദേഹം ബിജെപിയില്‍ ചേരുകയും ചെയ്‌തു.
പാര്‍ട്ടിയുടെ മുതിര്‍ന്ന നേതൃത്വത്തോട് ആലോചിച്ച ശേഷമാണ് ഗെഹ്‌ലോട്ടിനെ പുതിയ പദവിയിലേക്ക് നിയോഗിച്ചതെന്ന് ഡല്‍ഹി ബിജെപി അധ്യക്ഷന്‍ വീരേന്ദ്ര സച്ച്‌ദേവ അറിയിച്ചു. നേരത്തെ ഗെഹ്‌ലോട്ട് കേന്ദ്ര ആരോഗ്യമന്ത്രിയും ബിജെപി അധ്യക്ഷനുമായ ജെ പി നദ്ദയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. 2025 ഫെബ്രുവരിക്ക് മുന്‍പ് നടക്കുന്ന ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ഒരുക്കങ്ങളെക്കുറിച്ചായിരുന്നു ചര്‍ച്ചകള്‍.
എന്നാല്‍, ഇതൊരു സാധാരണ കൂടിക്കാഴ്‌ചയാണെന്നായിരുന്നു ഗെഹ്‌ലോട്ടിന്‍റെ പ്രതികരണം. വിവിധ വിഷയങ്ങളില്‍ അദ്ദേഹത്തില്‍ നിന്ന് ചില മാര്‍ഗനിര്‍ദേശങ്ങള്‍ കിട്ടിയതായും ഗെഹ്‌ലോട്ട് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഡല്‍ഹിയില്‍ അധികാരത്തിലെത്തിയാല്‍ ലോകോത്തര വികസനം സാധ്യമാകുമെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. പൊതുജനങ്ങള്‍ക്ക് മികച്ച സേവനങ്ങള്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇതൊന്നും ഒറ്റരാത്രികൊണ്ട് സാധിക്കില്ല. അതിന് അല്‍പ്പം സമയം വേണ്ടി വരും. കുറച്ച് കാര്യങ്ങളെക്കുറിച്ച് പഠിക്കേണ്ടതുണ്ട്.
നാം ചില തത്വങ്ങളിലും മൂല്യങ്ങളിലും വിശ്വസിക്കുന്നവരാണ്. ഇതില്‍ വെള്ളം ചേര്‍ക്കാന്‍ തങ്ങള്‍ തയാറല്ല. അങ്ങനെ ചെയ്യുന്നവരൊന്നും ഇവിടെ തുടരില്ല. ഇത്തരത്തില്‍ വെള്ളം ചേര്‍ക്കാന്‍ തയാറാകാത്ത നിരവധി നേതാക്കള്‍ ഇവിടെയുണ്ട്.
ഇതിനിടെ ആം ആദ്‌മി പാര്‍ട്ടി ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിനുള്ള 11 സ്ഥാനാര്‍ഥികളുടെ പട്ടിക കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ഛത്താര്‍പൂര്‍, കിരാദി, വിശ്വാസ് നഗര്‍, റൊഹ്താഷ് നഗര്‍, ലക്ഷ്‌മി നഗര്‍, ബദര്‍പൂര്‍, സീലാംപൂര്‍, സീമാപുരി, ഘോണ്ട, കരാവല്‍ നഗര്‍, മട്യാല സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. 2020 ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ 70 സീറ്റുകളില്‍ 62 എണ്ണം എഎപി നേടിയിരുന്നു. ബിജെപിക്ക് കേവലം എട്ട് സീറ്റുകള്‍ മാത്രമാണ് നേടാനായത്.
Also Read:ഇന്നലെ എഎപി വിട്ടു, ഇന്ന് ബിജെപിയില്‍; ഡല്‍ഹി സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ മന്ത്രി കൈലാഷ് ഗലോട്ട്