കേരളം

kerala

ETV Bharat / bharat

'കുറ്റവാളികള്‍ രക്ഷപ്പെടരുത്'; ഹത്രാസ് ദുരന്തത്തില്‍ മൗനം വെടിഞ്ഞ് ഭോലെ ബാബ - Bhole Baba First Responds - BHOLE BABA FIRST RESPONDS

ഒടുവില്‍ മൗനം വെടിഞ്ഞ് ഭോലെ ബാബ. കുറ്റവാളികള്‍ രക്ഷപ്പെടരുതെന്ന് ഒളിവിലിരുന്ന് ബാബ.

BHOLE BABA ON HATHRAS STAMPEDE  ഹത്രാസ് ദുരന്തം  ഭോലെ ബാബ പ്രതികരണം  HATHRAS STAMPEDE ACCUSED
BHOLE BABA FIRST RESPONDS (IANS)

By ETV Bharat Kerala Team

Published : Jul 6, 2024, 10:26 AM IST

ലഖ്‌നൗ:സ്വയം പ്രഖ്യാപിത ആള്‍ ദൈവം സുരജ് പാല്‍ സിങെന്ന ഭോലെ ബാബ ഹത്രാസ് ദുരന്തത്തില്‍ ആദ്യ പ്രതികരണവുമായി രംഗത്ത്. സ്‌ത്രീകളും കുട്ടികളുമടക്കം 121 പേരുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാണ് ഭോലെ ബാബ പുറത്ത് വിട്ട ഒരു വീഡിയോ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. ദുരന്തത്തില്‍ നാരായണ്‍ സകര്‍ ഹരിയെന്ന ഭോലെ ബാബ ദുഃഖവും രേഖപ്പെടുത്തി.

ഹത്രാസ് ജില്ലയിലെ ഫുലരി ഗ്രാമത്തില്‍ സംഘടിപ്പിച്ച പ്രാര്‍ഥന സമ്മേളനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലുമാണ് ആളുകള്‍ മരിച്ചത്. സംഭവത്തില്‍ താന്‍ അതീവ ദുഃഖിതനാണ്. ഈ വേദന സഹിക്കാന്‍ ദൈവം നമുക്ക് കരുത്ത് നല്‍കട്ടെ.

സര്‍ക്കാരിലും ഭരണകൂടത്തിലും വിശ്വസിക്കൂ. സ്വന്തക്കാര്‍ നഷ്‌ടമായ കുടുംബങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്ന് താന്‍ അഭിഭാഷകന്‍ മുഖേന ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഭോലെ ബാബ അഭിപ്രായപ്പെട്ടു. അതേസമയം, ഇയാള്‍ എവിടെയാണ് ഉള്ളതെന്ന് വ്യക്തമാക്കിയിട്ടില്ല.

80,000 പേര്‍ക്ക് മാത്രം പങ്കെടുക്കാന്‍ അനുമതിയുണ്ടായിരുന്നിടത്ത് രണ്ടരലക്ഷത്തിലേറെ പേര്‍ തിങ്ങിക്കൂടിയതാണ് അപകടമുണ്ടാക്കിയത്. ഇതിനിടെ സംഭവത്തില്‍ മുഖ്യ സംഘടാകനും മുഖ്യപ്രതിയുമായ ദേവപ്രകാശ് മധുകര്‍ കീഴടങ്ങി. പ്രത്യേക അന്വേഷണസംഘത്തിന് മുന്നിലെത്തിയാണ് ദേവപ്രകാശ് മധുകര്‍ കീഴടങ്ങിയത്. മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കില്ലെന്നും ഇയാള്‍ വ്യക്തമാക്കിയിട്ടുണ്ട്.

മരിച്ചവരുടെ കുടുംബത്തിന് ആദിത്യനാഥ് സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ നഷ്‌ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് ചികിത്സാ സഹായമായി 50,000 രൂപയും അനുവദിച്ചു. വിരമിച്ച ജഡ്‌ജി ബ്രിജേഷ് കുമാര്‍ ശ്രീവാസ്‌തവയുടെ നേതൃത്വത്തിലുള്ള മൂന്നംഗ കമ്മിഷനെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്.

ബാബയുടെ അനുഗ്രഹം വാങ്ങാനും അയാളുടെ കാല്‍ച്ചുവട്ടിലെ മണ്ണ് ശേഖരിക്കാനുമായി ആളുകള്‍ തിക്കിത്തിരക്കുന്നതിനിടെയാണ് ഉന്തും തള്ളുമുണ്ടായതും അപകടത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയതും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ആദിത്യനാഥ് ഹത്രാസ് സന്ദര്‍ശിച്ചിരുന്നു. പിന്നീട് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥകും സ്ഥലത്തെത്തി.

ഇവര്‍ ഒന്നിച്ചല്ല സ്ഥലം സന്ദര്‍ശിച്ചത് എന്നത് തന്നെ സര്‍ക്കാരിന്‍റെ ആഭ്യന്തര അഭിപ്രായ വ്യത്യാസങ്ങളാണ് കാണിക്കുന്നത്. അതേസമയം, മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്‌ടപരിഹാരം നല്‍കണമെന്നും പരിക്കേറ്റവര്‍ക്ക് 25 ലക്ഷം രൂപ നല്‍കണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. തിക്കിലും തിരക്കിലും പെട്ട് 121 പേർ മരണപ്പെട്ട കേസിൽ ആറ് പേരെയാണ് ഇതുവരെ അറസ്‌റ്റ് ചെയ്‌തിട്ടുള്ളത്.

Also Read:ഹത്രാസ് ദുരന്തം: മുഖ്യപ്രതി കീഴടങ്ങി

ABOUT THE AUTHOR

...view details