ന്യൂഡല്‍ഹി: സമാജ് വാദി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ്, എഎപി തുടങ്ങിയ കക്ഷികളുമായി സീറ്റ് പങ്കിടല്‍ സംബന്ധിച്ച ധാരണയിലെത്താനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് കോണ്‍ഗ്രസ്( INDIA Bloc Seat-Sharing).
പാര്‍ട്ടി മുന്‍ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഈ മാസം 26 മുതല്‍ മാര്‍ച്ച് ഒന്നുവരെ നിര്‍ത്തി വയ്ക്കും. ഡല്‍ഹിയില്‍ നടക്കുന്ന നിര്‍ണായക യോഗങ്ങളില്‍ രാഹുലിനും അദ്ദേഹത്തെ അനുഗമിക്കുന്ന നേതാക്കള്‍ക്കും പങ്കെടുക്കുന്നതിന് വേണ്ടിയാണ് യാത്രയ്ക്ക് ഇടവേള നല്‍കുന്നത്. ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയുമായുള്ള സീറ്റ് പങ്കിടല്‍ ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണെന്ന് പാര്‍ട്ടിയോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. മൊറാദാബാദ്, ബിജിനോര്‍, ബദൗണ്‍ തുടങ്ങിയ മണ്ഡലങ്ങളിലെ കാര്യത്തില്‍ കൂടി ധാരണയുണ്ടായാല്‍ ഉത്തര്‍പ്രദേശിലെ കാര്യം തീരുമാനമാകുമെന്നാണ് സൂചന( Bharat Jodo Yatra).
ബദൗണില്‍ നിന്ന് എസ് പിയുടെ ശിവപാല്‍ സിങ് യാദവിനെ മത്സരിപ്പിക്കാനാണ് അവരുടെ നീക്കം. എന്നാല്‍ മുന്‍ എംപി സലീം ഷെര്‍വാനി ഇവിടെ നിന്ന് ജനവിധി തേടട്ടെയെന്നാണ് കോണ്‍ഗ്രസിന്‍റെ നിലപാട്. ദിവസങ്ങള്‍ക്ക് മുമ്പാണ് ഷെര്‍വാനി എസ് പിയില്‍ നിന്ന് രാജി വച്ചത്. പശ്ചിമ ഉത്തര്‍പ്രദേശിലെ മൊറാദാബാദ്, ബിജിനോര്‍ സീറ്റുകളും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില് എസ്‌പി മൗനം തുടരുകയാണ്. ഡല്‍ഹി, ഹരിയാന, അസം, ഗുജറാത്ത്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലെ സീറ്റ് പങ്കിടുന്നത് സംബന്ധിച്ച് എഎപിയുമായും ചര്‍ച്ചകള്‍ തുടരുകയാണ്(Tough Negotiations ).
ഗുജറാത്തിലെ രണ്ട് സീറ്റുകലിലും അസമിലെ മൂന്ന് സീറ്റുകളിലും എഎപി ഏകപക്ഷീയമായി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതില്‍ കോണ്‍ഗ്രസിന് അതൃപ്തിയുണ്ട്. ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് നല്‍കുമെന്ന എഎപിയുടെ പരസ്യ വാഗ്‌ദാനത്തിലും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അതൃപ്തിയുണ്ട്(Election 2024).
അവര്‍ കുറച്ച് കൂടി പക്വതയോടെ പെരുമാറുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് ഡല്‍ഹിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപക് ബാബറിയ പറഞ്ഞു. സഖ്യ ചര്‍ച്ചകള്‍ പരസ്യമായല്ല നടത്തേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡല്‍ഹിയില്‍ മൂന്ന് സീറ്റുകളും ഹരിയാന, ഗോവ, അസം, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ ഓരോ സീറ്റുകള്‍ എഎപിക്ക് നല്‍കാമെന്നുമാണ് കോണ്‍ഗ്രസിന്‍റെ നിലപാട്.