ഗുവാഹത്തി: ഭാരത് ജോഡോ ന്യായ് യാത്രക്കിടെ അസമിൽ വച്ച് (Bharat Jodo Nyay Yatra, Assam) തന്‍റെ വാഹനം ആക്രമിക്കപ്പെട്ടുവെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് (Jairam Ramesh's vehicle attacked). ഭാരത് ജോഡോ ന്യായ് യാത്രയെ അനുഗമിച്ച മാധ്യമപ്രവർത്തകർക്ക് നേരെയും ആക്രമണം ഉണ്ടായതായും അദ്ദേഹം ആരോപിച്ചു. ജയറാം രമേശിന്‍റെയും മറ്റ് ചില നേതാക്കളുടെയും കാർ ജാമുഗുരിഘട്ടിന് സമീപം ന്യായ് യാത്രാ സംഘത്തിനൊപ്പം ചേരാനായി പോകുമ്പോൾ വഴി മധ്യേയാണ് ആക്രമണം ഉണ്ടായതെന്ന് ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി (എഐസിസി) കമ്മ്യൂണിക്കേഷൻസ് കോർഡിനേറ്റർ മഹിമ സിങ് പറഞ്ഞു.
ജയറാം രമേശിന്‍റെ വാഹനത്തിൽ നിന്ന് ഭാരത് ജോഡോ ന്യായ് യാത്രയുടെ സ്റ്റിക്കറുകൾ വലിച്ചുകീറി, വാഹനത്തിൽ ബിജെപി പതാക സ്ഥാപിക്കാൻ ശ്രമിച്ചതായും പിന്നിലെ ഗ്ലാസ് തകർക്കാൻ ശ്രമിച്ചുവെന്നും ആരോപണമുണ്ട്. ഭാരത് ജോഡോ ന്യായ് യാത്ര കവർ ചെയ്യുകയായിരുന്ന ഒരു വ്ളോഗറുടെ ക്യാമറയും ബാഡ്‌ജും മറ്റ് ഉപകരണങ്ങളും തട്ടിയെടുക്കുകയും പാർട്ടിയുടെ സോഷ്യൽ മീഡിയ ടീമിലെ അംഗങ്ങളെ ബിജെപി പ്രവര്‍ത്തകര്‍ മർദിച്ചുവെന്നും പരാതിയുണ്ട്.
'അസം മുഖ്യമന്ത്രിക്ക് സമനില നഷ്‌ടപ്പെടുകയാണ്': ഹിമന്ത ബിശ്വ ശർമയുടെ (Himanta Biswa Sarma) നേതൃത്വത്തിലുള്ള അസം സർക്കാർ ഓരോ മണിക്കൂറിലും ഭാരത് ജോഡോ ന്യായ് യാത്രക്ക് തടസങ്ങൾ സൃഷ്‌ടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. യാത്രയ്ക്ക് ലഭിക്കുന്ന ജനപിന്തുണ മുഖ്യമന്ത്രിയുടെ മാനസികനിലയെ ബാധിക്കുന്നു. കോൺഗ്രസിന്‍റെയും രാഹുൽ ഗാന്ധിയുടെയും പേര് കേൾക്കുമ്പോഴെല്ലാം അസം മുഖ്യമന്ത്രിക്ക് സമനില നഷ്‌ടപ്പെടുകയാണ്. യാത്രയുടെ ആദ്യ ദിവസം തന്നെ ജനപിന്തുണ കണ്ട് മുഖ്യമന്ത്രി വിറച്ചുപോയെന്നും അദ്ദേഹം പറഞ്ഞു.
അന്ന് മുതൽ, അദ്ദേഹം പ്രകോപിതനാകാനും ആക്രോശിക്കാനും പ്രശ്‌നങ്ങൾ സൃഷ്‌ടിക്കാനും തുടങ്ങി. റൂട്ട് അനുമതി പ്രശ്‌നങ്ങൾ ഉന്നയിച്ച് എഫ്ഐആർ രജിസ്റ്റർ ചെയ്‌തു. ആദ്യ ഭാരത് ജോഡോ യാത്ര ബിജെപി ഭരിക്കുന്ന നാല് സംസ്ഥാനങ്ങളിലൂടെയാണ് സഞ്ചരിച്ചത്, എന്നാൽ വലിയ പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല. ഇവിടത്തെ പോലെ ഒരു മുഖ്യമന്ത്രിയും യാത്രയെ എവിടെയും ലക്ഷ്യമിട്ടിട്ടില്ല. ഇത് തങ്ങളുടെ ആദ്യ അനുഭവമാണ്. ഓരോ മണിക്കൂറിലും പ്രശ്‌നങ്ങൾ സൃഷ്‌ടിക്കപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്‌ച യാത്ര എത്തേണ്ട ഗുവാഹത്തിയിൽ പദയാത്രയ്ക്കും റോഡ് ഷോയ്ക്കും അനുമതി നിഷേധിച്ചു, ഗുവാഹത്തി പ്രസ് ക്ലബ്ബിൽ മാധ്യമപ്രവർത്തകരുമായുള്ള ആശയവിനിമയം നിരസിച്ചു. പ്രധാനമന്ത്രിയെപ്പോലെ മുഖ്യമന്ത്രിയും പ്രതികാര രാഷ്‌ട്രീയത്തിൽ ഏർപ്പെടുന്നു. ജനാധിപത്യ രീതിയിൽ യാത്ര പൂർത്തിയാക്കാൻ അനുവദിക്കണമെന്നും ജയറാം രമേശ് അസം മുഖ്യമന്ത്രിയോട് അഭ്യർഥിച്ചു.
സൗജന്യ പബ്ലിസിറ്റിക്ക് നന്ദിയെന്ന് അസം മുഖ്യമന്ത്രി: രാമക്ഷേത്രത്തിന്‍റെ ഉദ്ഘാടന ദിനമായ ജനുവരി 22ന് അസമിൽ നടക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ റോഡ് മാപ്പും പ്രോഗ്രാമും ചോദ്യം ചെയ്‌ത് അസം മുഖ്യമന്ത്രി രംഗത്തെത്തി. ഭാരതത്തിനും രാമക്ഷേത്രത്തിനും വേണ്ടിയുള്ള മഹാദിനത്തിൽ രാഹുൽ ഗാന്ധി മോറിഗാവ്, ജാഗിറോഡ്, ധിംഗ്, നെലി എന്നീ പ്രദേശങ്ങൾ യാത്രക്കായി തെരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഈ മേഖലകളിൽ ക്രമസമാധാന പ്രശ്‌നമുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഈ പ്രദേശങ്ങൾ ജനുവരി 22-ന് സെൻസിറ്റീവ് ഏരിയ ആയി തുടരും. ഈ പ്രദേശങ്ങളിൽ 60% മുസ്ലീങ്ങളും 40% ഹിന്ദുക്കളുമാണ് അധിവസിക്കുന്നത്. അതിനാൽ, ജനുവരി 22ന് ഈ പ്രദേശങ്ങളിൽ യാത്രാ മാപ്പിൽ നിന്ന് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി രാഹുൽ ഗാന്ധിയോടും കോൺഗ്രസിനോടും അഭ്യർഥിച്ചു. ഇവിടങ്ങളിൽ ക്രമസമാധാനപാലനത്തിനായി കമാൻഡോ സേനയെ വിന്യസിക്കുമെന്നും അദ്ദേഹം പറഞ്ഞു.