ന്യൂഡല്‍ഹി :ഭാരത് ഡോജോ യാത്ര ഉടനെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് രാഹുല്‍ ഇക്കാര്യം അറിയിച്ചത്. ഒപ്പം മുന്‍ ഭാരത് ജോഡോ യാത്രയുടെ ചിത്രങ്ങളും രാഹുല്‍ പങ്കുവച്ചിട്ടുണ്ട്.
യാത്രയ്ക്കിടെ കായികമുറകള്‍ അഭ്യസിക്കുന്ന രാഹുലിന്‍റെയും സഹപ്രവര്‍ത്തകരുടെയും ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. രാജ്യം കായികദിനം ആഘോഷിക്കുന്നതിനിടെയാണ് ജിയു-ജിത്സു അഭ്യാസത്തിന്‍റെ ചിത്രങ്ങള്‍ രാഹുല്‍ പങ്കിട്ടിരിക്കുന്നത്. ഭാരത് ജോഡോ യാത്രയ്ക്കിടെ എല്ലാ വൈകുന്നേരങ്ങളിലും ക്യാമ്പ് ചെയ്യുന്നിടങ്ങളില്‍ ഇത്തരം പരിപാടികളില്‍ രാഹുലും കൂട്ടരും ഏര്‍പ്പെട്ടിരുന്നു.
ഡോജോ എന്നാല്‍ കായിക കേളികള്‍ക്കുള്ള പരിശീലന കളരിയെന്നാണ് അര്‍ഥമാക്കുന്നത്. കുട്ടികളടക്കമുള്ളവരുമായി കായിക പരിശീലനം നടത്തുന്ന ചിത്രങ്ങളും ദൃശ്യങ്ങളും രാഹുല്‍ പങ്കുവച്ചിട്ടുണ്ട്. പുതുതലമുറ ഇതുപോലുള്ള കായിക മുറകള്‍ അഭ്യസിക്കണമെന്ന നിര്‍ദേശവും രാഹുല്‍ മുന്നോട്ട് വയ്ക്കുന്നു.
2024 പൊതു തെരഞ്ഞെടുപ്പിന് മുമ്പ് രണ്ട് ഘട്ടങ്ങളിലായാണ് രാഹുല്‍ ഭാരത് ജോഡോ ന്യായ് യാത്ര നടത്തിയത്. ആദ്യ പദയാത്ര 2022 സെപ്റ്റംബര്‍ മുതല്‍ 2023 ജനുവരി വരെ ആയിരുന്നു. കന്യാകുമാരി മുതല്‍ കശ്‌മീര്‍ വരെയായിരുന്നു ഈ യാത്ര. രണ്ടാം ഘട്ടം മണിപ്പൂരില്‍ നിന്ന് തുടങ്ങി മുംബൈയില്‍ അവസാനിച്ചു.
Also Read:സ്ത്രീകളോടുള്ള പുരുഷന്മാരുടെ മനോഭാവം തെറ്റ്': കശ്‌മീർ സ്ത്രീകളുമായുള്ള സംവാദത്തിന്‍റെ വീഡിയോ പങ്കുവെച്ച് രാഹുൽ ഗാന്ധി