അയോധ്യ : ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ അയോധ്യയില്‍ പ്രാണപ്രതിഷ്‌ഠ പൂര്‍ത്തിയായി (Ayodhya Pran Pratishtha). പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാണ് പുതിയ രാംലല്ല വിഗ്രഹം പ്രതിഷ്‌ഠിച്ചത്. ഗണേശ്വര്‍ ശാസ്‌ത്രി ദ്രാവിഡിന്‍റെ മേല്‍നോട്ടത്തില്‍ വാരാണസിയില്‍ നിന്നുള്ള ആചാര്യന്‍ ലക്ഷ്‌മികാന്ത് ദീക്ഷിത്താണ് ചടങ്ങിന്‍റെ മുഖ്യ കാര്‍മികത്വം വഹിച്ചത്.
പുതുതായി നിർമ്മിച്ച ക്ഷേത്രത്തിലാണ് രാംലല്ല വിഗ്രഹം പ്രതിഷ്‌ഠിച്ചത്. പ്രതിമ അനാച്‌ഛാദനം ചെയ്‌തപ്പോൾ ക്ഷേത്രപരിസരത്ത് സൈനിക ഹെലികോപ്റ്ററുകൾ പുഷ്‌പവൃഷ്‌ടി നടത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി ചുവന്ന ദുപ്പട്ടയിൽ വെള്ളിക്കുടയുമായി (ചത്താര്‍) ക്ഷേത്ര പരിസരത്തേക്ക് നടന്നു.
സ്വർണ നിറത്തിലുള്ള കുർത്തയും, ക്രീം ധോത്തിയും പട്‌കയും ധരിച്ചാണ്, പ്രാൺ പ്രതിഷ്‌ഠാ ചടങ്ങിനായി പ്രധാനമന്ത്രി എത്തിയത്. ചടങ്ങുകളിൽ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്, ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും സന്നിഹിതരായിരുന്നു.
ഭക്തിനിര്‍ഭരമായ നിമിഷത്തില്‍ അയോധ്യാ ധാമിൽ ശ്രീരാം ലല്ലയുടെ സമർപ്പണത്തിന്‍റെ നിമിഷത്തില്‍ എല്ലാവരും വികാരഭരിതരായി. 'ഈ ദിവ്യമായ പരിപാടിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. ജയ് സിയ റാം' - മോദി എക്‌സിൽ കുറിച്ചു.
ചടങ്ങിനുശേഷം മോദി സമ്മേളനത്തെ അഭിസംബോധന ചെയ്യും. കുബേർ തില സന്ദർശിക്കാനും അദ്ദേഹം തീരുമാനിച്ചിട്ടുണ്ട്. ക്ഷേത്ര നിർമാണത്തിലേര്‍പ്പെട്ട തൊഴിലാളികളുമായും അദ്ദേഹം സംസാരിക്കും.