ന്യൂഡൽഹി: അംബേദ്‌കർ തയ്യാറാക്കിയ ഭരണഘടനയിൽ എസ്‌സി, എസ്‌ടി സംവരണത്തിൽ ക്രീമി ലെയർ എന്ന വ്യവസ്ഥ ഇല്ലെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവ്. എൻഡിഎ സർക്കാർ ആ ഭരണഘടന പാലിക്കാൻ ബാധ്യസ്ഥരാണെന്നും അശ്വിനി വൈഷ്‌ണവ് കൂട്ടിച്ചേര്‍ത്തു. പട്ടികജാതി (എസ്‌സി), പട്ടികവർഗ (എസ്‌ടി) വിഭാഗങ്ങളെ ഉപവിഭാഗമാക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര മന്ത്രിയുടെ പരാമർശം.
'അടുത്തിടെ, എസ്‌സി, എസ്‌ടി സംവരണം സംബന്ധിച്ച നിർദേശം അടക്കമുള്ള വിധി സുപ്രീം കോടതി പുറപ്പെടുവിച്ചു. മന്ത്രിസഭ ഈ വിഷയത്തിൽ വിശദമായ ചർച്ച നടത്തി. ബാബാ സാഹിബ് അംബേദ്‌കർ തയ്യാറാക്കിയ ഭരണഘടന പാലിക്കാൻ എൻഡിഎ സർക്കാർ ബാധ്യസ്ഥരാണ്. അംബേദ്‌കറുടെ ഭരണഘടനയിൽ എസ്‌സി, എസ്‌ടി സംവരണത്തിനുള്ളിൽ ക്രീമി ലെയർ എന്നൊരു വ്യവസ്ഥയില്ല.'- അശ്വിനി വൈഷ്‌ണവ് ഒരു സമ്മേളനത്തിൽ പറഞ്ഞു.
എസ്‌സി, എസ്‌ടി വിഭാഗങ്ങളിൽ നിന്ന് ക്രീമി ലെയർ വിഭാഗങ്ങളെ തിരിച്ചറിയുന്നതിന് സംസ്ഥാനങ്ങൾക്ക് നയം രൂപപ്പെടുത്താമെന്നും അവരെ ആനുകൂല്യത്തിൽ നിന്ന് ഒഴിവാക്കാമെന്നും അടുത്തിടെ സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളെ കൂടുതല്‍ ഉപവിഭാഗങ്ങളായി തിരിച്ച് വിദ്യാഭ്യാസത്തിലും തൊഴില്‍ മേഖലയിലും സംവരണം ഏര്‍പ്പെടുത്താനാണ് സുപ്രീം കോടതി ചരിത്ര വിധി പുറപ്പെടുവിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ സുപ്രീം കോടതി വിധിയെക്കുറിച്ച് വിശദമായ ചർച്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് അശ്വിനി വൈഷ്‌ണവിന്‍റെ പ്രതികരണം.