ന്യൂഡല്‍ഹി :ഇഡി അറസ്റ്റിനെതിരെ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ച് അരവിന്ദ് കെജ്‌രിവാള്‍ (Arvind Kejriwal withdraws plea against ED arrest). ഹര്‍ജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് പിന്‍വലിച്ചത്. വിചാരണ കോടതിയില്‍ ഇഡി കെജ്‌രിവാളിനെ ഹാജരാക്കാന്‍ തയ്യാറെടുക്കുകയായിരുന്നു.
വിചാരണ കോടതി റിമാന്‍ഡ് അടക്കമുള്ള നടപടികളിലേക്ക് കടക്കാന്‍ സാധ്യതയുള്ള സാഹചര്യത്തിലാണ് കെജ്‌രിവാള്‍ ഹര്‍ജി പിന്‍വലിച്ചത്. ഇത്തരമൊരു സാഹചര്യത്തില്‍ സുപ്രീം കോടതിയിലെ ഹര്‍ജി മുന്നോട്ട് കൊണ്ടുപോയിട്ട് കാര്യമില്ലെന്ന് നിയമോപദേശം ലഭിച്ചതോടെയാണ് കെജ്‌രിവാളിന്‍റെ നീക്കം.
മദ്യനയ അഴിമതി കേസില്‍ ചോദ്യം ചെയ്യുന്നതിനായി ഇന്നലെ (മാര്‍ച്ച് 21) ഇഡി സംഘം അരവിന്ദ് കെജ്‌രിവാളിന്‍റെ വസതിയില്‍ എത്തിയിരുന്നു. പിന്നാലെയാണ് അറസ്റ്റ് ഉണ്ടായത്. അറസ്റ്റിനെതിരെ കെജ്‌രിവാള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജി ഇന്ന് കോടതി പരിഗണിക്കാനിരിക്കെയാണ് കെജ്‌രിവാളിന്‍റെ പിന്മാറ്റം. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എംഎം സുന്ദ്രേഷ്, ബേല ത്രിവേദി എന്നിവടരങ്ങിയ പ്രത്യേക ബെഞ്ചായിരുന്നു കെജ്‌രിവാളിന്‍റെ ഹര്‍ജിയില്‍ വാദം കേള്‍ക്കേണ്ടിയിരുന്നത്.
കേസില്‍ അടിയന്തര വാദം കേള്‍ക്കുന്നതിനായി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വി മുഖേനയാണ് കെജ്‌രിവാള്‍ ഹര്‍ജി സമര്‍പ്പിച്ചത്. 'ഇത്തരത്തില്‍ മുന്നോട്ട് പോയാല്‍ വോട്ടെടുപ്പിന് മുന്‍പ് തന്നെ പല നേതാക്കളും അഴിയ്‌ക്ക് പിന്നിലാകും. അതിനാല്‍ ഹര്‍ജി പരിഗണിക്കണം' എന്നായിരുന്നു സുപ്രീം കോടതിയോട് സിങ്‌വി ആവശ്യപ്പെട്ടത്.
അതിനിടെ കെജ്‌രിവാളിന്‍റെ അറസ്റ്റില്‍ പ്രതിഷേധിച്ച ആം ആദ്‌മി പാര്‍ട്ടി മന്ത്രിമാരായ അതിഷിയേയും സൗരഭ് ഭരദ്വാജിനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഡല്‍ഹിയില്‍ നടന്ന പ്രതിഷേധ സമരത്തിനിടെ ഇരുനേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കുകയായിരുന്നു. സമാധാനപരമായി പ്രതിഷേധിക്കുന്നതിനിടെ പൊലീസ് തടയുകയായിരുന്നു എന്ന് അതിഷി പ്രതികരിച്ചു.
'ഐടിഒയില്‍ സമാധാനപരമായി പ്രതിഷേധിക്കുന്നതിനിടെയാണ് ഡല്‍ഹി പൊലീസ് എന്നെ തടഞ്ഞുവച്ചത്. ഇവര്‍ ആദ്യം മുഖ്യമന്ത്രിയെ കള്ളക്കേസില്‍ കുടുക്കി. സമാധാനപരമായി പ്രതിഷേധിക്കുന്നവരെയാണ് അറസ്റ്റ് ചെയ്യുന്നത്. ഇത് ജനാധിപത്യത്തിന്‍റെ കൊലപാതകമല്ലെങ്കില്‍ പിന്നെന്താണ്?' -അതിഷി എക്‌സില്‍ കുറിച്ചു.
അതേസമയം കെജ്‌രിവാളിനെ അദ്ദേഹത്തിന്‍റെ അഭിഭാഷകനെയും കുടുംബത്തെയും കാണാന്‍ അനുവദിക്കണമെന്ന് തങ്ങള്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെടുമെന്ന് സൗരഭ് ഭരദ്വാജ് വ്യക്തമാക്കി. കെജ്‌രിവാളിന്‍റെ കുടുംബത്തെ തടങ്കലില്‍വച്ചിരിക്കുകയാണെന്നും സൗരഭ് ആരോപിച്ചു.