ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയെ എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌ത നടപടിയില്‍ നീതി തേടി സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഹൈക്കോടതി വിധിക്ക് പിന്നാലെ ആം ആദ്‌മി പാര്‍ട്ടി. ഡല്‍ഹി ഹൈക്കോടതിയില്‍ നിന്ന് നീതി കിട്ടുമെന്ന് പ്രതീക്ഷിച്ചെങ്കിലും അരവിന്ദ് കെജ്‌രിവാളിന്‍റെ അറസ്‌റ്റ് അവര്‍ ശരി വയ്ക്കുകയായിരുന്നു.
ആം ആദ്‌മി പാര്‍ട്ടിയെ ഇല്ലായ്‌മ ചെയ്യാനായി രാജ്യത്ത് നടന്ന ഏറ്റവും വലിയ രാഷ്‌ട്രീയ ഗൂഢാലോചനയാണ് ഡല്‍ഹി മദ്യനയ അഴിമതിയെന്നും പാര്‍ട്ടി കൂട്ടിച്ചേര്‍ത്തു. സുപ്രീം കോടതിയില്‍ നിന്ന് കെജ്‌രിവാളിന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് എഎപിയുടെ മുതിര്‍ന്ന നേതാവും ഡല്‍ഹി മന്ത്രിയുമായ സൗരഭ് ഭരദ്വാജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
രാജ്യസഭാംഗം സഞ്ജയ് സിങിന് അടുത്തിടെ സുപ്രീം കോടതിയില്‍ നിന്ന് നീതി ലഭിച്ചതുപോലെ കെജ്‌രിവാളിനും ലഭിക്കുമെന്നാണ് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചത്. ഹൈക്കോടതിയോടുള്ള എല്ലാ ബഹുമാനങ്ങളും നിലനിര്‍ത്തിക്കൊണ്ട് തന്നെ പറയട്ടെ അവരുടെ വിധിയെ തങ്ങള്‍ അംഗീകരിക്കുന്നില്ല. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.