ശ്രീനഗർ (ജമ്മു കശ്‌മീർ) : ജമ്മുവിലെ കേരൻ മേഖലയ്ക്ക് സമീപം നിയന്ത്രണ രേഖ പ്രദേശങ്ങള്‍ കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി സന്ദര്‍ശിച്ചു. ചിനാർകോർപ്‌സിന്‍റെ ഫോർവേഡ് ലൊക്കേഷനുകൾ സന്ദർശിക്കുകയും നിയന്ത്രണ രേഖയിലെ സുരക്ഷ സ്ഥിതിഗതികൾ അവലോകനം ചെയ്യുകയും ചെയ്‌തതായി ഇന്ത്യൻ ആർമിയുടെ അഡിഷണൽ ഡയറക്‌ടർ ജനറൽ ഓഫ് പബ്ലിക് ഇൻഫർമേഷൻ അറിയിച്ചു. കരയിലെ കമാൻഡർമാരുമായും സൈനികരുമായും അദ്ദേഹം ആശയവിനിമയം നടത്തി.
കാർഗിൽ യുദ്ധത്തിന്‍റെ 25-ാം വാർഷികത്തിൽ ദ്രാസിലെ കാർഗിൽ യുദ്ധ സ്‌മാരകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് മുന്നോടിയായാണ് കരസേന മേധാവിയുടെ സന്ദർശനം. യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലികൾ അർപ്പിക്കും. ശ്രീനഗറിൽ ബദാമിബാഗ് കന്‍റോൺമെന്‍റിലാണ് കരസേന മേധാവി വിമാനമിറങ്ങിയത്.