ഇന്ത്യയുടെ പതിനൊന്നാമത് രാഷ്‌ട്രപതി ഡോ. എപിജെ അബ്‌ദുൾ കലാമിന്‍റെ ഓര്‍മകള്‍ക്ക് ഇന്ന് 9 വയസ്. മഹാനായ നേതാവ് എന്നതിലുപരി അസാധാരണ ശാസ്‌ത്രജ്ഞനായിരുന്നു അദ്ദേഹം. ശാസ്‌ത്രത്തിനും ബഹിരാകാശ ഗവേഷണത്തിനും നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് അദ്ദേഹത്തിന് ഭാരതരത്‌ന പുരസ്‌കാരം ലഭിച്ചത്.
1931 ഒക്‌ടോബർ 15ന് തമിഴ്‌നാട്ടിലെ ക്ഷേത്രനഗരമായ രാമേശ്വരത്ത് ജനിച്ച കലാം ബോട്ടുടമയായ ജൈനുലബ്‌ദീന്‍റെയും ആഷിയമ്മയുടെയും അഞ്ച് മക്കളില്‍ ഇളയവനായിരുന്നു. വിദ്യാഭ്യാസത്തിനായി ദീർഘദൂരം നടന്നും പട്ടണത്തിൽ പത്രങ്ങൾ വിതരണം ചെയ്‌തും അദ്ദേഹം കഷ്‌ടപ്പെടുന്ന കുടുംബത്തെ പോറ്റി. ബഹിരാകാശം, റോക്കറ്റുകൾ, വിമാനങ്ങൾ എന്നിവയിൽ ആഴത്തിലുള്ള ആകർഷണത്തിന്‍റെ ആദ്യകാല ലക്ഷണങ്ങൾ കലാം കാണിച്ചു.
രാമേശ്വരം എലിമെന്‍ററി സ്‌കൂളിൽ എട്ടാം ക്ലാസ് പൂർത്തിയാക്കിയ ശേഷം രാമനാഥപുരത്തുള്ള ഷ്വാർട്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ പഠനം തുടർന്നു. പിന്നീട് ഫിസിക്‌സിൽ ബിരുദം നേടുന്നതിനായി തിരുച്ചിറപ്പള്ളിയിലെ സെന്‍റ് ജോസഫ് കോളജിൽ ചേർന്നു. 1954ൽ ബിരുദം നേടി. മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ എയറോനോട്ടിക്കൽ എഞ്ചിനീയറിങ് പൂര്‍ത്തിയാക്കി.
മിസൈൽ മാൻ ഓഫ് ഇന്ത്യ: അബ്‌ദുൾ കലാം 1958ൽ DTD&P(Air) സീനിയർ സയന്‍റിഫിക് അസിസ്റ്റന്‍റായി പ്രവർത്തിക്കാൻ തുടങ്ങി. ആ വർഷം തന്നെ അദ്ദേഹം DRDOയിലേക്ക് സ്ഥലം മാറുകയും ഹോവർക്രാഫ്റ്റുകളുടെ രൂപകൽപ്പനയിൽ സംഭാവന നൽകുകയും ചെയ്‌തു. 1969ൽ റോക്കറ്റ് എഞ്ചിനീയറായി ഐഎസ്ആർഒയിൽ ചേർന്നതോടെയാണ് റോക്കറ്റ്, മിസൈൽ സാങ്കേതിക വിദ്യകളിലെ അദ്ദേഹത്തിന്‍റെ ജീവിതം ആരംഭിച്ചത്.
ഐഎസ്ആർഒയിൽ (1969-1982) നാല് മിസൈലുകൾ സൃഷ്‌ടിച്ചു. അഗ്നി, ത്രിശൂൽ, ആകാശ്, നാഗ്. 'ഇന്ത്യയുടെ മിസൈൽ മനുഷ്യൻ' എന്നറിയപ്പെടുന്ന അദ്ദേഹം 1998 മെയ് മാസത്തിൽ മുഖ്യ ശാസ്‌ത്ര ഉപദേഷ്‌ടാവ് ആയിരിക്കെ പൊഖ്‌റാൻ-II ആണവ പരീക്ഷണങ്ങളിൽ പങ്കെടുത്തു.