ന്യൂഡല്‍ഹി: രാജ്യത്തെ വര്‍ണാഭമാക്കിയാണ് 75ാം റിപ്പബ്ലിക്ക് ദിനാഘോഷം ദേശീയ തലസ്ഥാനത്ത് കൊണ്ടാടിയത്. സൈനിക ശക്തിയും സ്‌ത്രീ ശക്തിയും വിളിച്ചോതി കൊണ്ടാണ് ഇത്തവണ പരേഡിന് തുടക്കം കുറിച്ചത്. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി നൂറിലധികം കലാകാരികളാണ് പരേഡില്‍ സംഗീത ഉപകരണങ്ങള്‍ വായിച്ചത്.
ഭാവിയെ കുറിച്ചുള്ള പ്രതീക്ഷകളാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിനം പൗരന്മാര്‍ക്ക് നല്‍കിയത്. പരേഡിന് പുറമെ വിവിധയിനം പരിപാടികളാണ് ദേശീയ തലസ്ഥാനം നടന്നത്. ഇതില്‍ ജനശ്രദ്ധ നേടിയ പരിപാടിയാണ് 'ആനന്ദ് സൂത്ര ദ എൻഡ്ലെസ് ത്രെഡ്' എന്ന സാരി ഷോ. കേന്ദ്ര സാംസ്‌കാരിക വകുപ്പിന്‍റെ നേതൃത്വത്തില്‍ നടത്തിയ സാരി ഷോ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റി.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും 1900 സാരികളാണ് എക്‌സിബിഷനില്‍ പ്രദര്‍ശിപ്പിച്ചത്. 150 വര്‍ഷം പഴക്കമുള്ള സാരികള്‍ അടക്കമാണ് എക്‌സിബിഷനില്‍ അണിനിരന്നത്. രാജ്യത്തെ നെയ്‌ത്ത് സംസ്‌കാരത്തെയും നെയ്‌ത്ത് കലാകാരന്മാരെയും ഡിസൈനര്‍മാരെയും ആദരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മേള ഒരുക്കിയത്.
മരത്തില്‍ തീര്‍ത്ത വലിയ ഫ്രെയിമുകള്‍ ഉയരത്തില്‍ ക്രമീകരിച്ച് അതിലാണ് ഓരോ സാരികളും ഭംഗിയായി പ്രദര്‍ശിപ്പിച്ചത്. കേരളത്തില്‍ നിന്നുള്ള കസവു സാരികള്‍, തെലങ്കാനയിൽ നിന്നുള്ള പോച്ചംപള്ളി സാരികള്‍, തമിഴ്‌നാട്ടിൽ നിന്നുള്ള കാഞ്ചീവരം സാരികള്‍, മഹാരാഷ്‌ട്രയിൽ നിന്നുള്ള പൈതാനി സാരികള്‍, ഗുജറാത്തിൽ നിന്നുള്ള പടോള സാരികള്‍, ഉത്തര്‍പ്രദേശില്‍ നിന്നും ബനാറസ് സാരികള്‍, മധ്യപ്രദേശില്‍ നിന്നുള്ള ചന്ദേരി സാരികള്‍, രാജസ്ഥാനിലെ ലെഹെരിയ സാരികള്‍, ഒഡിഷയില്‍ നിന്നുള്ള ബോംകായ് സാരികള്‍ എന്നിവയാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെ സംസ്‌കാരത്തിന്‍റെ പ്രതീകമായിരുന്നു മേളയിലെ ഓരോ സാരികളും.
എന്നാല്‍ സംസ്ഥാനങ്ങളെയും സംസ്‌കാരത്തെയും മാത്രം അടിസ്ഥാനപ്പെടുത്തിയല്ല മേളയിലേക്ക് സാരികള്‍ തെരഞ്ഞെടുത്തത്. വലിയ നെയ്‌ത്ത് കുടുംബങ്ങള്‍, നെയ്‌ത്ത് ഗ്രാമങ്ങള്‍, അറിയപ്പെടുന്ന നെയ്‌ത്ത് കലാകാരന്മാര്‍, പ്രശസ്‌തമായ ബ്രാന്‍ഡുകള്‍ എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം പരിഗണിച്ചാണ് സാരികള്‍ തെരഞ്ഞെടുത്ത് മേളയില്‍ പ്രദര്‍ശിപ്പിച്ചത്.
മേളയില്‍ പ്രദര്‍ശിപ്പിച്ച ഓരോ സാരിയെ കുറിച്ചും അതിലെ ഡിസൈനുകളെ കുറിച്ചും മനസിലാക്കാനായി ക്യൂആര്‍ കോഡുകളും ഉണ്ടായിരുന്നു. രാജ്യത്തെ ജനങ്ങളുടെ ദേശീയ ഐക്യവും അഖണ്ഡതയും ശക്തിപ്പെടുത്തുന്നതാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷമെന്ന് കേന്ദ്ര സാംസ്‌കാരിക-വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി പറഞ്ഞു. സാരി എക്‌സിബിഷന് ആനന്ത് സൂത്ര എന്ന് പേരിട്ടതിന് വലിയ അര്‍ഥമുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മേളയില്‍ 150 വര്‍ഷം പഴക്കമുള്ള സാരികള്‍ അടക്കം പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്ന് സാംസ്‌കാരിക മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി അമിത പ്രസാഭ് സര്‍ഭായി പറഞ്ഞു.