റാഞ്ചി: വരാനിരിക്കുന്ന ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക ഭാരതീയ ജനതാ പാർട്ടി പുറത്തിറക്കി. റാഞ്ചിയിൽ നടന്ന പൊതുയോഗത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് പ്രകടനപത്രിക പുറത്തിറക്കിയത്. ജാർഖണ്ഡിൽ ഏക സിവില്‍ കോഡ് നടപ്പിലാക്കുമെന്നും, എന്നാൽ ആദിവാസി സമൂഹത്തെ യുസിസിയുടെ പരിധിയിൽ നിന്ന് മാറ്റിനിർത്തുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്നും ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരെ തുരത്തുമെന്നും പരിപാടിയിൽ സംസാരിക്കവെ അമിത് ഷാ പറഞ്ഞു. സ്‌ത്രീകളെ സംരക്ഷിക്കാനുള്ള നിയമം കൊണ്ടുവരും. ഹേമന്ത് സോറൻ ജാർഖണ്ഡിലെ സ്ത്രീകൾക്ക് സുരക്ഷ ഒരുക്കുന്നതിൽ പരാജയപ്പെട്ടെന്നും സ്ത്രീകളിൽ നിന്ന് തട്ടിയെടുത്ത ഭൂമി ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ തിരികെ നൽകുമെന്നും പ്രകടനപത്രികയില്‍ അമിത് ഷാ പറഞ്ഞു.
സംസ്ഥാനത്തെ എല്ലാ സ്ത്രീകൾക്കും പ്രതിമാസം 2100 രൂപയും, 500 രൂപയ്‌ക്ക് എല്‍ പി ജി സിലിണ്ടറുകളും നല്‍കും. ദീപാവലി, രക്ഷാബന്ധൻ ദിവസങ്ങളില്‍ എല്ലാ കുടുംബങ്ങൾക്കും സൗജന്യമായി എൽ പി ജി സിലിണ്ടറുകള്‍ നൽകുമെന്നും ബിജെപി വാഗ്‌ദാനം ചെയ്‌തു. അധികാരത്തിലെത്തിയാൽ യുവാക്കൾക്ക് 5 ലക്ഷം തൊഴിലവസരങ്ങൾ ഉറപ്പുനൽകുകയും 2,87,500 സർക്കാർ തസ്‌തികകളിലേക്ക് നിയമനം ഉറപ്പാക്കുകയും ചെയ്യുമെന്നും ബിജെപി പ്രകടനപത്രികയില്‍ പറയുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക