ന്യൂഡൽഹി:അംബേദ്കർ വിവാദത്തിൽ പ്രതിപക്ഷ ആരോപണങ്ങളെ തള്ളി അമിത് ഷാ. തന്റെ വാക്കുകളെ വളച്ചൊടിച്ചുവെന്നും യഥാർത്ഥത്തിൽ കോൺഗ്രസ് ആണ് അംബേദ്കർ വിരുദ്ധ പാർട്ടിയെന്നും അമിത് ഷാ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ബിജെപി ഭരണഘടനയെ അംഗീകരിച്ച് മുന്നോട്ട് പോകുന്ന പാർട്ടി ആണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
ചൊവ്വാഴ്ച രാജ്യസഭയില്‍ ഭരണഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് മറുപടി പറയവെയായിരുന്നു അമിത് ഷായുടെ വിവാദ പരാമര്‍ശം. അംബേദ്കർ എന്ന് പറയുന്നത് കോൺഗ്രസിന് ഒരു ഫാഷൻ ആയി മാറിയിരിക്കുകയാണെന്നും അംബേദ്കർക്ക് പകരം ദൈവത്തിന്റെ പേര് ഇത്ര തവണ പറഞ്ഞിരുന്നെങ്കിൽ സ്വർഗം ലഭിക്കുമായിരുന്നു എന്നുമായിരുന്നു അമിത് ഷായുടെ പ്രസ്താവന.