ചെന്നൈ: സംവിധായകൻ കസ്‌തൂരി രാജയുടെ മകനും, സംവിധായകൻ സെൽവരാഘവൻ്റെ ഇളയ സഹോദരനുമായ നടൻ ധനുഷും, തമിഴ് സൂപ്പർ സ്റ്റാർ രജനികാന്തിൻ്റെ മകളും സംവിധായികയുമായ ഐശ്വര്യ രജനികാന്തും വേര്‍പിരിയുന്നു. 2022 മുതൽ വേർപിരിഞ്ഞു കഴിയുന്ന ഇരുവരും ചെന്നൈ കുടുംബ കോടതിയിലാണ് വിവാഹമോചന ഹർജി സമർപ്പിച്ചത്. പരസ്‌പര സമ്മതത്തോടെയുള്ള അപേക്ഷയാണ് നൽകിയത്.
2004 നവംബർ 18-ന് ചെന്നൈയിൽ വച്ചാണ് ധനുഷും ഐശ്വര്യയും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നുവിത്. ധനുഷ്-ഐശ്വര്യ ദമ്പതികള്‍ക്ക് രണ്ട് ആൺമക്കളുണ്ട്. യാത്ര, ലിംഗ എന്ന് പേരുള്ള രണ്ടുമക്കളാണ് ദമ്പതികൾക്കുള്ളത്. ഏകദേശം 20 വർഷം നീണ്ട ദാമ്പത്യ ജീവിതത്തിനാണ് ഇരുവരും ഒദ്യോഗികമായി വിരാമമിടാന്‍ പോകുന്നത്.
അഭിപ്രായ വ്യത്യാസത്തെ തുടർന്ന് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇരുവരും വേർപിരിഞ്ഞാണ് താമസിക്കുന്നത്. പിന്നീട് തങ്ങള്‍ വേർപിരിഞ്ഞതായി ഇരുവരും അവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ ആരാധകരെ അറിയിക്കുകയും ചെയ്‌തു. 2022 ജനുവരി 17-നാണ് ഇരുവരും തങ്ങളുടെ വേർപിരിയൽ ഔദ്യോഗികമായി സ്ഥിരീകരിച്ച് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പോസ്റ്റിട്ടത്.
തങ്ങളുടെ സ്വകാര്യതയെയും തീരുമാനത്തെയും മാനിക്കണമെന്നും പ്രസ്‌തുത പോസ്റ്റില്‍ ഇരുവരും വ്യക്തമാക്കിയിരുന്നു. വലിയ ഞെട്ടലോടെയാണ് ആരാധകര്‍ ആ വാര്‍ത്ത കേട്ടത്. എന്നാല്‍ ഇരുവരും വേര്‍പിരിയുന്നില്ല, പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കി എന്ന തരത്തിലുള്ള വാര്‍ത്തകളും അടുത്തിടെ പുറത്തു വന്നിരുന്നു. ഇതോടെ ദനുഷും ഐശ്വര്യയും വീണ്ടും ഒന്നിച്ചുവെന്നാണ് ആരാധകരും, സിനിമാ ലോകവും കരുതിയിരുന്നത്.