ബെംഗളുരു: രണ്ടായിരം രൂപയ്ക്ക് വേണ്ടി സുഹൃത്തിന്‍റെ സഹോദരിയെ കൊന്ന പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി അറസ്റ്റില്‍. വീട്ടിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പത്തൊന്‍പതുകാരിയുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ നടന്ന അന്വേഷണത്തിലാണ് പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ പൊലീസ് പിടികൂടിയത്.
പ്രബുദ്ധ എന്ന ഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം ഈ മാസം പതിനഞ്ചിനാണ് ശുചിമുറിയില്‍ കണ്ടെത്തിയത്. സുബ്രഹ്മണ്യപുര പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ബൃന്ദാവന്‍ ലേഔട്ടിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ കഴുത്തിലും കയ്യിലും മുറിവേറ്റിരുന്നു. പെണ്‍കുട്ടിയുടെ അമ്മ സൗമ്യ കെ ആര്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെയാണ് പ്രതി വലയിലായത്.
മരിച്ച പ്രബുദ്ധയുടെ സഹോദരനും കുറ്റാരോപിതനായ കുട്ടിയും സുഹൃത്തുക്കളായിരുന്നു. ഇയാള്‍ ഇടയ്ക്കിടെ ഈ വീട്ടില്‍ വരികയും ചെയ്‌തിരുന്നു. കളിക്കിടെ ഇവരുടെ മറ്റൊരു സുഹൃത്തിന്‍റെ കണ്ണട പൊട്ടി. ഇത് ശരിയാക്കാന്‍ പണം ആവശ്യമായി വന്നു. ഇതോടെ അറസ്റ്റിലായ കുട്ടി പ്രബുദ്ധയുടെ വീട്ടിലെത്തുകയും അവരുടെ പേഴ്‌സില്‍ നിന്ന് പണം മോഷ്‌ടിക്കുകയുമായിരുന്നു.