ബീജാപ്പൂര്‍:ഛത്തീസ്‌ഗഡിലെ ബീജാപ്പൂരില്‍ സുരക്ഷാസേനയും നക്‌സലുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ പന്ത്രണ്ടോളം നക്‌സലുകളെ വധിച്ചു. സുരക്ഷ സേനകളുടെ സംയുക്ത നക്‌സല്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് സംഭവം. രാത്രി വരെ ഏറ്റുമുട്ടല്‍ തുടര്‍ന്നതായും മുതിര്‍ന്ന പൊലീസുദ്യോഗസ്ഥന്‍ അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
മൂന്ന് ജില്ലകളില്‍ നിന്നുള്ള ജില്ലാ റിസര്‍വ് ഗാര്‍ഡ് അംഗങ്ങള്‍, സിആര്‍പിഎഫില്‍ നിന്നുള്ള അഞ്ച് ബറ്റാലിയനുകള്‍, കോബ്ര തുടങ്ങിയവരടക്കമുള്ളയുടെ സംയുക്ത സംഘമാണ് നക്‌സലുകളുമായി ഏറ്റുമുട്ടല്‍ നടത്തിയത്. പ്രദേശത്ത് കൂടുതല്‍ തെരച്ചില്‍ നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
ജനുവരി 12ന് ബീജാപ്പൂരിലെ മദ്ദേദ് പൊലീസ് സ്റ്റേഷന്‍ മേഖലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സ്‌ത്രീകളടക്കം അഞ്ച് നക്‌സലുകള്‍ കൊല്ലപ്പെട്ടിരുന്നു. ഇതടക്കം 26 നക്‌സലുകളാണ് ഈ മാസം കൊല്ലപ്പെട്ടത്. കഴിഞ്ഞ കൊല്ലം വിവിധ ഏറ്റുമുട്ടലുകളിലായി 219 നക്‌സലുകള്‍ കൊല്ലപ്പെട്ടതായാണ് കണക്ക്.
ഈ മാസം ആദ്യം സുരക്ഷ ഉദ്യോഗസ്ഥരുടെ വാഹനം നക്‌സലുകള്‍ മാരക ശേഷിയുള്ള സ്‌ഫോടക വസ്‌തുക്കള്‍ ഉപയോഗിച്ച് തകര്‍ത്തിരുന്നു. ഈ സംഭവത്തിൽ എട്ട് സുരക്ഷാ ഉദ്യോഗസ്ഥരും ഇവരുടെ ഒരു ഡ്രൈവറുമാണ് മരിച്ചത്. രണ്ട് വര്‍ഷത്തിനിടെ നക്‌സലുകള്‍ നടത്തിയ ഏറ്റവും വലിയ ആക്രമണമായിരുന്നു ഇത്.
Also Read:സൈനികരെ ലക്ഷ്യം വച്ച് ബോംബ് സ്ഥാപിച്ചു; രണ്ട് മാവോയിസ്റ്റുകള്‍ അറസ്റ്റില്‍