കാട്ടാനയെ മയക്കുവെടി വെക്കാന്‍ കഴിഞ്ഞില്ല, ഇന്നത്തെ ദൗത്യം പരാജയം; പ്രദേശത്ത് നാട്ടുകാരുടെ പ്രതിഷേധം
🎬 Watch Now: Feature Video
വയനാട്: ജനവാസ മേഖലയില്‍ ഭീതി പടര്‍ത്തുകയും, ഒരു മനുഷ്യ ജീവന്‍ അപഹരിക്കുകയും ചെയ്‌ത കൊലയാളി മോഴയാനയെ മയക്കുവെടി വെക്കാന്‍ ഇന്ന് വനം വകുപ്പിന് കഴിഞ്ഞില്ല. ആന നിരന്തരമായി സഞ്ചരിച്ചു കൊണ്ടിരുന്നതാണ് വനപാലകര്‍ക്ക് പ്രതിസന്ധിയായത്. ഏറെ നേരം ബാവലി മേഖലയില്‍ ഉണ്ടായിരുന്ന കാട്ടാന പിന്നീട് മണ്ണുണ്ടി പരിസരത്തെ ഉള്‍വനത്തിലേക്ക് മാറിയതായുള്ള സൂചനയുടെ അടിസ്ഥാനത്തില്‍ വനപാലക സംഘം സര്‍വ്വ സന്നാഹത്തോടെ മണ്ണുണ്ടി പ്രദേശത്ത് പരിശോധന നടത്തിയിരുന്നു. ഓപ്പറേഷന്‍ ബേലൂര്‍ മഖ്‌ന നാളെ തുടരുമെന്നാണ് സൂചന. വനത്തില്‍ നിന്നും പുറത്തേക്ക് വന്ന വനം വകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. പ്രദേശത്ത് പ്രതിഷേധം രൂക്ഷമാകുന്നു. സിസിഎഫുമാരായ മുഹമ്മദ് ഷബാബ്, ദീപ, വൈൽഡ് ലൈഫ് വാർഡൻ ദിനേഷ്, നോർത്ത് വയനാട് ഡിഎഫ്ഒ മാർട്ടിൻ ലോവൽ, സൗത്ത് വയനാട് ഡിഎഫ്ഒ ഷജ്‌ന കരീം, സോഷ്യൽ ഫോറസ്റ്റ് എസിഎഫ് ഹരിലാൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ദൗത്യം. വെറ്ററിനറി സർജൻ അജേഷ് മോഹൻ ദാസിൻ്റെ നേതൃത്വത്തിൽ മറ്റ് മൂന്ന് വെറ്ററിനറി സർജൻമാരുമടങ്ങുന്ന സംഘമാണ് മയക്കുവെടി വെയ്‌ക്കാനുള്ളത്.