'കപ്പേള'യ്‌ക്ക് ശേഷം തലസ്ഥാന നഗരത്തിന്‍റെ കഥ പറയുന്ന ചിത്രവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ മുസ്‌തഫ. ആക്ഷന് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടാണാണ് പ്രധാന വേഷത്തിൽ എത്തുന്നത്. സുരാജിനൊപ്പം ഒരു കൂട്ടം പുതുമുഖ യുവതാരങ്ങളും ചിത്രത്തില്‍ അഭിനയിച്ചു.
'മുറ' ഇന്ന് മുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ്. ചിത്രം റിലീസിനെത്തിയ വേളയില്‍ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് സുരാജ് വെഞ്ഞാറമൂട്. തിരുവനന്തപുരത്തിന്‍റെ അന്തസത്ത ഉൾക്കൊണ്ട് ഏറെ നാളുകൾക്ക് ശേഷം തിരുവനന്തപുരം ഭാഷ സിനിമയിൽ പറയാൻ സാധിച്ചതിന്‍റെ സന്തോഷം പങ്കുവയ്‌ക്കാന്‍ സുരാജ് മറന്നില്ല.
'മുറ'യുടെ പ്രചരണാർത്ഥം കേരളത്തിലെ മാധ്യമങ്ങൾക്ക് അനുവദിച്ച പൊതു അഭിമുഖത്തിലാണ് സുരാജിന്‍റെ വെളിപ്പെടുത്തല്‍. സംവിധായകൻ മുസ്‌തഫയും സിനിമയുടെ വിശേഷങ്ങള്‍ പങ്കുവച്ചു. സിനിമയുടെ ഓഡിഷനുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് മുസ്‌തഫ മാധ്യമങ്ങളോട് സംസാരിച്ചത്. 'മുറ'യ്‌ക്ക് വേണ്ടി യുവതാരങ്ങളെ തിരഞ്ഞെടുക്കാനായി നടത്തിയ ഓഡിഷൻ വലിയ പരാജയമായിരുന്നു എന്ന് മുസ്‌തഫ വെളിപ്പെടുത്തി.
"ഓഡിഷനിലൂടെ ചിത്രത്തിലെ കഥാപാത്രങ്ങൾക്ക് ആവശ്യമായ ഘടന ഉള്ളവരെ ലഭിച്ചില്ല. ഒടുവിൽ ഞാനും സഹ സംവിധായകനും തിരുവനന്തപുരത്തിന്‍റെ ഗ്രാമ പ്രദേശങ്ങളിലൂടെ ബൈക്ക് എടുത്ത് കഥാപാത്രങ്ങൾക്ക് യോജ്യരായവരെ തേടി ഇറങ്ങി. അങ്ങനെയാണ് മുറയിലെ ഇപ്പോഴത്തെ ഇടി സംഘത്തെ കണ്ടെത്താൻ സാധിച്ചത്."-സംവിധായകന്‍ മുസ്‌തഫ പറഞ്ഞു.
സിനിമയിലെ ഇടി സംഘത്തെ കുറിച്ച് സുരാജ് വെഞ്ഞാറമൂടും സംസാരിച്ചു. ആക്ഷൻ രംഗങ്ങളിൽ എല്ലാം ഇടി സംഘം അഭിനയിക്കുകയായിരുന്നില്ല, ജീവിക്കുകയായിരുന്നു എന്ന് സുരാജ് വെഞ്ഞാറമൂട് പറഞ്ഞു.
സുരാജിനൊപ്പം ഹൃദു ഹാറൂണും ചിത്രത്തിൽ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ക്യാൻ ഫിലിം ഫെസ്‌റ്റിവലില്‍ പുരസ്‌കാരം നേടിയ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്', 'മുംബൈക്കാർ', 'തഗ്‌സ്' തുടങ്ങി ചിത്രങ്ങളിലും 'ക്രാഷ് കോഴ്‌സ്' എന്ന വെബ്‌സീരിസിലും ഹൃദു ഹാറൂണ്‍ അഭിനയിച്ചിരുന്നു.
'ഉപ്പും മുളകും' സീരിയലിന്‍റെ തിരക്കഥാകൃത്ത് കണ്ണൻ നായരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. കൂടാതെ സോഷ്യൽ മീഡിയ താരങ്ങളായ ജോബിൻ ദാസ്, വിഘ്നേശ് സുരേഷ്, യദു കൃഷ്‌ണൻ, സിബി ജോസഫ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരന്നു. ഫാസിൽ നാസര്‍ ഛായാഗ്രഹണവും ചമൻ ചാക്കോ ചിത്രസംയോജനവും നിര്‍വ്വഹിച്ചു. ക്രിസ്‌റ്റി ജോബിയാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്.
കലാസംവിധാനം - ശ്രീനു കല്ലേലിൽ, ആക്ഷൻ - പിസി സ്‌റ്റൻഡ്‌സ്, മേക്കപ്പ് - റോണെക്‌സ് സേവ്യർ, വസ്ത്രാലങ്കാരം - നിസാർ റഹ്‌മത്ത്, നിർമ്മാണം - റിയാ ഷിബു, എച്ച് ആർ പിക്ചേഴ്‌സ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - റോണി സക്കറിയ, പ്രൊഡക്ഷൻ കൺട്രോളർ - ജിത്ത് പിരപ്പൻകോട്, പിആർഒ - പ്രതീഷ് ശേഖർ എന്നിവരാണ് സിനിമയിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.
Also Read: നൂലില്ലാ കറക്കം പാടി ശ്രീനാഥ് ഭാസി, ട്രെന്‍ഡായി മുറ ഗാനം