'ജെസിബിയുടെ ഒച്ച പോലെയാണ് കേട്ടത്...വേഗം ഉയര്‍ന്ന ഭാഗത്തേക്ക് മാറി..ആ നിമിഷം കൊണ്ട് മൊത്തം വെള്ളം കയറി': ദുരന്തത്തിൽ രക്ഷപ്പെട്ട കുട്ടിയുടെ വാക്കുകൾ - WAYANAD LANDSLIDE SURVIVORS

🎬 Watch Now: Feature Video

thumbnail

വയനാട്: 15 മണ്ണുമാന്തി യന്ത്രങ്ങള്‍ എത്തിച്ച് ചൂരല്‍ മലയില്‍ കെട്ടിടാവശിഷ്‌ടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി. തകര്‍ന്ന വീടുകള്‍ക്കുള്ളില്‍ തെരച്ചില്‍ നടത്താന്‍ മുണ്ടക്കൈയില്‍ സ്‌നിഫര്‍ ഡോഗുകളേയും ഉപയോഗിക്കുന്നുണ്ട്. മണ്ണും മരങ്ങളും ചെളിയും അടിഞ്ഞു കൂടിയ നിലയിലാണ് മിക്ക വീടുകളും. ഇനി കണ്ടെത്താനുള്ള 240 പേരില്‍ സാധ്യമായവരെയൊക്കെ ജീവനോടെ കണ്ടെത്താനാണ് രക്ഷാ ദൗത്യത്തിലുള്ളവരുടെ ശ്രമം. ചൂരല്‍ മലയില്‍ നിന്നും മുണ്ടക്കൈയില്‍ നിന്നും രക്ഷപ്പെട്ടെത്തിയ പരിക്കേറ്റവര്‍ വയനാട്ടിലേയും കോഴിക്കോട്ടേയും മലപ്പുറത്തേയും വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. പരിക്കില്ലാത്തവര്‍ മേപ്പാടിയിലേയും പരിസര പ്രദേശങ്ങളിലേയും ദുരിതാശ്വാസ ക്യാമ്പുകളിലാണ്.

പുലര്‍ച്ചെ ഒന്നരയോടെയാണ് ഉരുള്‍ പൊട്ടലുണ്ടായതെന്ന് രക്ഷപ്പെട്ടെത്തിയവര്‍ പറഞ്ഞു. "ആദ്യ ഉരുള്‍ പൊട്ടലുണ്ടായപ്പോള്‍ത്തന്നെ വീട് വിട്ടോടി. മൂന്നു മണിയോടെ വീണ്ടും ഉരുള്‍ പൊട്ടി. അടുത്ത വീട്ടുകാരേയും വിളിച്ച് ഏറെ ദൂരത്തേക്ക് മാറി. പാലം തകര്‍ന്നതിനാല്‍ മേപ്പാടിയിലേക്ക് എത്താന്‍ ആയില്ല. പല തവണ പുഴ കടക്കാന്‍ ശ്രമിച്ചു. നല്ല ഒഴുക്കുണ്ടായിരുന്നു. അങ്ങിനെ അവിടെത്തന്നെ കഴിഞ്ഞു ഒടുവില്‍ വൈകുന്നേരത്തോടെയാണ് ആളുകളെത്തി മണ്ണും മരങ്ങളും നീക്കി അക്കരെ കടക്കാന്‍ വഴി ഒരുക്കിയത്."

"ഒരു ജെസിബിയുടെ ഒച്ച പോലെയാണ് കേട്ടത്. ഉപ്പാപ്പ പുറത്തിറങ്ങി ടോര്‍ച്ചടിച്ചു നോക്കി. അപ്പോഴേക്കും ആളുകളൊക്കെ വെളിച്ചവുമായി വരുന്നതു കണ്ടു. അപ്പോഴേക്കും വെള്ളം വരുന്നതു കണ്ടു. ഉടനെ ഉപ്പാപ്പ വന്നു ഞങ്ങളെ വിളിച്ചു. പെട്ടെന്ന് എഴുന്നേൽക്കാന്‍ പറഞ്ഞു. ഇടി പൊട്ടാന്‍ പോകുന്നു എന്നാണ് കരുതിയത്. അതുകൊണ്ട് ഞാന്‍ സെറ്റിയിലേക്ക് കയറി ഇരുന്നു. ഉമ്മ കുട്ടിയേയും എടുത്ത്  വേഗം എഴുന്നേറ്റു. ഉയര്‍ന്ന ഭാഗത്തേക്ക് മാറി. ഞങ്ങളേയും വിളിച്ചെണീപ്പിച്ചു. ഉപ്പയും ഞങ്ങളും ഒക്കെ മുകളിലേക്ക് പോയതും വെള്ളം വീട്ടില്‍ക്കയറി. പിന്നെ വാതിലൊന്നും തുറക്കാന്‍ കഴിയുന്നില്ലായിരുന്ന." ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ട ഒരു കുട്ടി പറഞ്ഞു.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.