ബിജെപി കൊടിമരത്തിൽ സിപിഎം ഫ്‌ളക്‌സ്; ആറ്റുകാലിൽ ബിജെപി-പൊലീസ് സംഘർഷം - Police Vs BJP
🎬 Watch Now: Feature Video
Published : Feb 20, 2024, 9:53 PM IST
തിരുവനന്തപുരം: ആറ്റുകാൽ ക്ഷേത്രത്തിന് സമീപം ബിജെപി പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷം. ഇന്ന് (ചൊവ്വ) വൈകിട്ട് 5 മണിയോടെയാണ് സംഘർഷമുണ്ടായത്. ബിജെപിയുടെ കൊടിമരത്തിൽ സിപിഎം പ്രവർത്തകർ ഫ്‌ളക്‌സ് ബോർഡ് വച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്. സംഘർഷത്തിന് പിന്നാലെ സംഭവ സ്ഥലത്ത് നിന്ന് ബിജെപി പ്രവർത്തകരെ പൊലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കി. ഇന്നലെ ബിജെപി പ്രവർത്തകർ എടുത്തുമാറ്റിയ മുഖ്യമന്ത്രിയുടെ ചിത്രമുള്ള ഫ്‌ളക്‌സ് ഇന്ന് വീണ്ടും കൊണ്ടുവെച്ചു. പിന്നാലെ ബിജെപി പ്രവർത്തകർ ഫ്‌ളക്‌സ് വലിച്ചു കീറിയിരുന്നു. ഇതു പൊലീസ് തടയാൻ ശ്രമിച്ചതോടെയാണ് പ്രവർത്തകരും പൊലീസും തമ്മിൽ തർക്കവും തുടർന്ന് സംഘർഷവും ഉടലെടുത്തത്. ഇതോടെ സ്ഥലത്ത് കണ്ട്രോൾ റൂമിൽ നിന്ന് പൊലീസ് സംഘം എത്തുകയും ബിജെപി പ്രവർത്തകരെ കസ്‌റ്റഡിയിലെടുക്കുകയുമായിരുന്നു. ഫെബ്രുവരി 25 ന് ആറ്റുകാലിൽ പൊങ്കാല നടക്കാനിരിക്കെയാണ് സ്ഥലത്ത് രാഷ്ട്രീയ സംഘർഷം ഉടലെടുക്കുന്നത്. മഹോത്സവത്തിന്‍റെ ആദ്യ ദിനം രാവിലെ 8 മണിക്ക് കാപ്പുകെട്ടി ദേവിയെ കുടിയിരുത്തി. അന്ന് മുതല്‍ ഉത്സവവുമായി ബന്ധപ്പെട്ടുള്ള കലാപരിപാടികള്‍ വിവിധ വേദികളില്‍ അരങ്ങേറുന്നുണ്ട് . പ്രധാന വേദിയിലെ കലാപരിപാടികളുടെ ഉദ്ഘാടനം ശനിയാഴ്‌ച ചലച്ചിത്ര താരം അനുശ്രീയാണ് നിർവഹിച്ചത്. പൊങ്കാല ദിവസം രാവിലെ 10:30നാണ് പണ്ടാര അടുപ്പിലേക്ക് തീ പകരുന്നത്. ഉച്ചയ്ക്ക് 2.30നാണ് പൊങ്കാല നിവേദ്യം നടക്കുന്നത്. അന്ന് രാത്രി ദേവിയുടെ പുറത്തെഴുന്നള്ളത്ത് കഴിഞ്ഞ് ഫെബ്രുവരി 26 തിങ്കളാഴ്‌ച രാത്രി 12.30ന് നടക്കുന്ന കുരുതി തർപ്പണത്തോടുകൂടി ഉത്സവം സമാപിക്കും.