വീര്യം കുറഞ്ഞ മദ്യത്തിന്‍റെ വിതരണം ആപത്ത്, കുരുതി കൊടുക്കുന്ന നയം : ബിഷപ്പ് സാബു കോശി ചെറിയാൻ
🎬 Watch Now: Feature Video
കോട്ടയം : വീര്യം കുറഞ്ഞ മദ്യം വിപണിയിൽ എത്തിക്കാനുളള ശ്രമം നാടിന് ആപത്തായതിനാൽ പ്രസ്‌തുത നീക്കത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് സി എസ് ഐ മധ്യകേരള മഹായിടവക ബിഷപ്പ് ഡോ. മലയിൽ സാബു കോശി ചെറിയാൻ. വീര്യം കുറഞ്ഞ മദ്യത്തിൻ്റെ വ്യാപകമായ ലഭ്യത കേരളത്തിലെ മദ്യ ഉപയോഗ നിരക്ക് വർദ്ധിപ്പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ സാമൂഹിക ജീവിത നിലവാരത്തിൻ്റെ കടയ്ക്കൽ കത്തിവയ്ക്കുന്നതാണ് വീര്യം കുറഞ്ഞ മദ്യം വിതരണം ചെയ്യാനുള്ള സർക്കാർ തീരുമാനം. മദ്യാസക്തിയിൽ നിന്ന് സമൂഹത്തെ വിമോചിപ്പിക്കുന്നതിന് നടപടികൾ സ്വീകരിക്കേണ്ട സർക്കാർ തന്നെ ലഹരി സുലഭമാക്കുന്ന നയം സ്വീകരിക്കുന്നത് വേദനാജനകമാണ്. വരുമാന ലഭ്യത മാത്രം ലക്ഷ്യമിട്ട് ലഹരിയുടെ ബലിപീഠത്തിൽ സമൂഹത്തെ കുരുതി കൊടുക്കാനുള്ള സർക്കാർ നയത്തിനെതിരെ പ്രക്ഷോഭ പരിപാടികളുമായി മുന്നിട്ടിറങ്ങേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമായി മാറുമ്പോൾ മാറി നിൽക്കാൻ ആർക്കും സാധ്യമല്ലെന്നും ബിഷപ്പ് പറഞ്ഞു. വിശ്വാസത്തെ അടിസ്ഥാനം ആക്കിയല്ല പൗരത്വ ഭേദഗതി ബിൽ നടപ്പാക്കേണ്ടതെന്നും ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾ ആവശ്യമാണെന്നും ബിഷപ്പ് പറഞ്ഞു.