പത്തനംതിട്ട: ശബരിമലയില്‍ തിരക്ക് തുടരുന്നു. മണിക്കൂറില്‍ മൂവായിരം തീര്‍ഥാടകരെയാണ് ദര്‍ശനത്തിനായി സന്നിധാനത്തേക്ക് കടത്തിവിടുന്നത്. ഇന്നലെ വൈകുന്നേരം വരെ മാത്രം 83,429 അയ്യപ്പഭക്തര്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതായാണ് കണക്ക്.
ഇന്ന് 70000 പേരാണ് ദര്‍ശനത്തിനായി ഓണ്‍ലൈൻ വഴി ബുക്ക് ചെയ്‌തിരിക്കുന്നത്. 10,000 പേര്‍ക്ക് തത്സമയ ബുക്കിങ്ങിലൂടെയും ദര്‍ശനം നടത്താം. ദർശനത്തിനെത്തുന്നവർ പൂങ്കാവനത്തിന്‍റെ പരിശുദ്ധി കാത്തു സൂക്ഷിക്കണമെന്നും മാളികപ്പുറത്ത് ക്ഷേത്രത്തിന് ചുറ്റും തേങ്ങ ഉരുട്ടലും ഭസ്‌മമിടലും പോലെയുള്ള ചില തെറ്റായ പ്രവണതകൾ തിരുത്തണമെന്നും തന്ത്രി കണ്‌ഠര് രാജീവര് പറഞ്ഞു. പരിസ്ഥിതിക്കും ആചാരത്തിന് വിരുദ്ധമായ പല ഉൽപ്പനങ്ങളും ഇരുമുട്ടികെട്ടിൽ കരുതുന്നത് ഉപേക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
സന്നിധാനത്ത് സൗജന്യ ചികിത്സ: ചികിത്സ ആവശ്യമായി വരുന്ന അയ്യപ്പഭക്തർക്ക് സൗജന്യ സേവനം നൽകാൻ 125 ഡോക്‌ടർമാരുടെ സംഘത്തെയാണ് സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്. ദേവസ്വം ബോർഡുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. സന്നിധാനത്ത് പ്രവർത്തിക്കുന്ന സർക്കാർ ആശുപത്രിയിൽ ആരോഗ്യ വകുപ്പിൻ്റെ ഡോക്‌ടർമാർക്കൊപ്പമാണ് സർക്കാരിൻ്റെയും ഹൈക്കോടതിയുടെയും പ്രത്യേക അംഗീകാരത്തോടെ ഇവരുടെ പ്രവർത്തനം.
'ഡിവോട്ടീസ് ഡോക്ടേഴ്‌സ് ഓഫ് ശബരിമല' എന്ന പേരിൽ കേരളത്തിന് പുറമേ തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ നിന്നുള്ള ഡോക്‌ടർമാരാണ് സേവന സന്നദ്ധരായി എത്തിയത്. ഒരു വാട്‌സ്ആപ്പ് കൂട്ടായ്‌മയിലൂടെയാണ് ഇവർ ഒരുമിച്ചത്. പ്രമുഖ ന്യൂറോ സർജൻ ഡോ. ആർ രാമനാരായണൻ ആണ് ഈ കൂട്ടായ്‌മയ്‌ക്ക് നേതൃത്വം നല്‍കുന്നത്.
മകരവിളക്ക് വരെ വിവിധ ബാച്ചുകളായിട്ടായിരിക്കും ഡോക്‌ടർമാരുടെ പ്രവർത്തനം. കാർഡിയോളജി, ജനറൽ മെഡിസിൻ, ഓർത്തോ, ന്യൂറോ തുടങ്ങി വിവിധ വിഭാഗങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ച ഡോക്‌ടർമാരാണ് സംഘത്തിലുള്ളത്. നിലവിലുള്ള ആരോഗ്യ വകുപ്പിൻ്റെ ഡോക്‌ടർമാർക്കൊപ്പം ചേർന്ന് പ്രവർത്തിക്കുന്നതിനാൽ ഏത് അടിയന്തര ഘട്ടത്തിലും ചികിത്സ ഉറപ്പാക്കാനാകുമെന്നാണ് സംഘത്തിന്‍റെ പ്രതീക്ഷയെന്നും കൂട്ടായ്‌മയ്ക്ക് നേതൃത്വം നൽകുന്ന ഡോ. ആർ രാമനാരായണൻ പറഞ്ഞു.