ന്യൂഡൽഹി: തന്‍റെ പിതാവ് ആരെന്ന് അറിയാനുള്ള ഒരാളുടെ താത്‌പര്യം മറ്റൊരാളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാകരുതെന്ന് സുപ്രീം കോടതി. എറണാകുളം സ്വദേശിയായ 23 കാരനെ പിതൃത്വം തെളിയിക്കുന്നതിനായി ഡിഎൻഎ ടെസ്‌റ്റ് നടത്താൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഒരു വ്യക്തി സുപ്രീം കോടതിയിൽ സമീപിച്ച കേസിലാണ് വിധി. ഹർജി നൽകിയ വ്യക്‌തിയാണ് തന്‍റെ പിതാവ് എന്നും ഡിഎന്‍എ ടെസ്‌റ്റ് നടത്താന്‍ അനുവദിക്കണമെന്നുമായിരുന്നു യുവാവിന്‍റെ ആവശ്യം.
യുവാവ് അയാളുടെ അമ്മയുടെ വിവാഹേതര ബന്ധത്തിന്‍റെ ഫലമായാണ് അയാളുടെ ജനനമെന്ന് അവകാശപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. മാത്രമല്ല യുവാവിന്‍റെ അമ്മ പരാതിക്കാരനോട് ദീർഘകാലം നിയമയുദ്ധം നടത്തിയിരുന്നു. ഒടുവിൽ പരാതിക്കാരനിൽ നിന്ന് ജീവനാംശം ലഭിക്കുന്നതിനായി പിതൃത്വം തെളിയിക്കാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന് യുവാവ് കോടതിയിൽ ആവശ്യപ്പെട്ടു.
അതേസമയം യുവാവിന്‍റെ അമ്മയുമായി താൻ ഒരിക്കലും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടില്ലെന്ന് പരാതിക്കാരൻ വാദിച്ചു. മാത്രമല്ല കേരള ഹൈക്കോടതി ഉത്തരവിനെതിരെ അദ്ദേഹം സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്‌തു.
പിതൃത്വവും നിയമസാധുതയും സംബന്ധിച്ച രണ്ട് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന ഈ കേസിൽ ജസ്‌റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് അന്തിമ വിധി പുറപ്പെടുവിച്ചു. ഒരു വ്യക്തിക്ക് തന്‍റെ പിതാവിനെ അറിയാനുള്ള ന്യായമായ താത്‌പര്യം മറ്റൊരാളുടെ സ്വകാര്യതയെ ബാധിക്കുമെങ്കിൽ അത് അനുവദിക്കില്ലെന്ന് കോടതി പറഞ്ഞു.
ലൈംഗിക ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ഡിഎൻഎ പരിശോധന നിർബന്ധമാക്കുന്ന ഉത്തരവ് ആത്യന്തികമായി മറ്റൊരാളുടെ അന്തസിനും സ്വകാര്യതയ്ക്കുമുള്ള അവകാശത്തെ ലംഘിക്കുന്നതാകരുതെന്ന് സുപ്രീംകോടതി ഊന്നിപ്പറഞ്ഞു. മാത്രമല്ല യുവാവിന്‍റെ അമ്മയുടെ മുൻ ഭർത്താവാണ് അയാളുടെ നിയമപരമായ പിതാവെന്നും കോടതി വിധിച്ചു.
അതേസമയം 23കാരൻ നിരവധി ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്നും നിരവധി ശസ്‌ത്രക്രിയകൾക്ക് അയാൾ വിധേയനായിട്ടുണ്ടെന്നും യുവാവ് പറഞ്ഞു. മാത്രമല്ല തനിക്കും അമ്മയ്ക്കും അതിന്‍റെ ചെലവ് താങ്ങാൻ കഴിയില്ലെന്നും ഹർജിക്കാരൻ തന്‍റെ യഥാർഥ പിതാവായതിനാൽ ജീവനാംശം ലഭിക്കണമെന്നും യുവാവ് അറിയിച്ചു.
എന്നാൽ ഡിഎൻഎ പരിശോധന നിർബന്ധമാക്കുന്നതിനെ പിന്തുണയ്ക്കുന്നില്ലെന്ന് ജസ്‌റ്റിസ് സൂര്യകാന്ത് പറഞ്ഞു. കോടതികൾ കക്ഷികളുടെ സ്വകാര്യതയ്ക്കും അന്തസിനുമുള്ള അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു.
'കുട്ടിയുടെ യഥാർഥ പിതാവിനെ അറിയാനുള്ള നിയമപരമായ താത്‌പര്യവും ഡിഎൻഎ പരിശോധനയുടെ ആവശ്യകതയും കോടതികൾ വിലയിരുത്തണം. ഡിഎൻഎ പരിശോധനയിലൂടെ ഒരു വ്യക്തിയുടെ പിതൃത്വത്തെക്കുറിച്ച് അന്വേഷണം അനുവദിക്കുമ്പോൾ, മറ്റൊരാളുടെ സ്വകാര്യത ലംഘനത്തെക്കുറിച്ച് കോടതി ശ്രദ്ധാലുവായിരിക്കണം'- ബെഞ്ച് കൂട്ടിച്ചേർത്തു.
നിർബന്ധപൂർവം ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കുന്നത് ഒരു വ്യക്തിയുടെ സ്വകാര്യ ജീവിതത്തെ ബാധിക്കുമെന്ന് ജസ്‌റ്റിസ് സൂര്യകാന്ത് പറഞ്ഞു. 'പ്രത്യേകിച്ച് വിശ്വാസവഞ്ചനയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ, ആ പരിശോധന കഠിനമായിരിക്കും, കൂടാതെ സമൂഹത്തിലെ ഒരു വ്യക്തിയുടെ പ്രശസ്‌തിയും സ്ഥാനവും ഇതുമൂലം ഇല്ലാതാകുകയും ചെയ്യും. അത് ഒരു വ്യക്തിയുടെ സാമൂഹികവും തൊഴിൽപരവുമായ ജീവിതത്തെയും മാനസികാരോഗ്യത്തെയും മാറ്റാനാവാത്തവിധം ഇത് ബാധിക്കും' ജസ്‌റ്റിസ് സൂര്യകാന്ത് പറഞ്ഞു.
ഇക്കാരണത്താൽ, ഡിഎൻഎ പരിശോധനയ്ക്ക് വിധേയനാകാൻ വിസമ്മതിക്കുന്നത് ഉൾപ്പെടെ, തന്‍റെ അന്തസും സ്വകാര്യതയും സംരക്ഷിക്കുന്നതിന് ചില നടപടികൾ സ്വീകരിക്കാൻ അദ്ദേഹത്തിന് അവകാശമുണ്ടെന്ന് ബെഞ്ച് കൂട്ടിച്ചേർത്തു.
23 കാരനെ അയാളുടെ അമ്മയുടെ വിവാഹം കഴിച്ച വ്യക്തിയുടെ നിയമാനുസൃത മകനായി ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ബെഞ്ച് പറഞ്ഞു. യുവാവിന്‍റെ പരാതി അപ്പീൽക്കാരന്‍റെ പ്രശസ്‌തിക്ക് ഹാനി വരുത്തുക എന്നതാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. നിയമപ്രകാരം തന്‍റെ അയാളുടെ യഥാർഥ പിതാവ് ആരാണെന്ന് യുവാവിന് നന്നായി അറിയാം എന്നും ബെഞ്ച് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
1872ലെ ഇന്ത്യൻ എവിഡൻസ് ആക്‌ടിലെ സെക്ഷൻ 112 ഉദ്ധരിച്ച്, ഭാര്യയുടെ വിവാഹജീവിതകാലത്ത് അവർ പ്രസവിക്കുന്ന കുട്ടിയുടെ പിതാവ് ഭർത്താവാണ് എന്ന അനുമാനം നിലനിൽക്കുന്നുണ്ടെന്ന് ബെഞ്ച് പറഞ്ഞു, കൂടാതെ നിയമസാധുതയുടെ നിർണായക തെളിവ് പിതൃത്വത്തിന് തുല്യമാണെന്ന് ഈ വകുപ്പിൽ പറയുന്നുവെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.
നിലവിലുള്ള കേസിൽ, 2001ലാണ് യുവാവ് ജനിക്കുന്നത്. അയാളുടെ അമ്മയും അച്‌ഛനും ആ സമയം വിവാഹിതരായിരുന്നു എന്നത് അംഗീകരിക്കപ്പെട്ട വസ്‌തുതയാണെന്ന് ബെഞ്ച് പറഞ്ഞു. വാസ്‌തവത്തിൽ, അവർ 1989 മുതൽ വിവാഹിതരാണെന്നും വിവാഹത്തിന്‍റെ സാധുതയെ ആരും ചോദ്യം ചെയ്‌തിട്ടില്ലെന്നും ബെഞ്ച് അറിയിച്ചു. 1989 മുതൽ 2003 വരെ അവർ ഒരുമിച്ച് താമസിച്ചിരുന്നുവെന്നും, പിന്നീടാണ് അവർ തമ്മിൽ വേർപിരിയാൻ തീരുമാനിച്ചതെന്നും ബെഞ്ച് വ്യക്തമാക്കി.
അപ്പീൽക്കാരന് പിതൃത്വ ബന്ധമുണ്ടെന്ന് കരുതപ്പെടുന്നതിനെ അടിസ്ഥാനമാക്കിയുള്ള 23കാരന്‍റെ ഏതൊരു അവകാശവാദവും നിഷേധിക്കപ്പെടുകയും യുവാവ് അയാളുടെ അമ്മയുടെ മുൻ ഭർത്താവിന്‍റെ നിയമാനുസൃത മകനാണെന്ന് അനുമാനിക്കപ്പെടുകയും ചെയ്യുമെന്ന് സുപ്രീം കോടതി വിധിച്ചു.
ഹർജിക്കാരന് ഡിഎൻഎ പരിശോധനയ്ക്ക് വിധേയനാകണമെന്നാണ് ഹൈക്കോടതിയിൽ യുവാവ് വാദിച്ചത്. കാരണം അയാൾക്ക് തന്‍റെ യഥാർത്ഥ മാതാപിതാക്കളെ അറിയാനും അതിൽ നിന്ന് ലഭിക്കുന്ന അവകാശങ്ങൾ, ഉദാഹരണത്തിന് ജീവനാംശം നേടാനുമുള്ള അവകാശമുണ്ട്. ഹൈക്കോടതി യുവാവിന്‍റെ ഈ വീക്ഷണത്തെ ശരിവച്ചിരുന്നു.
യുവാവിന്‍റെ അമ്മയ്ക്കും അച്‌ഛനും 2006ലാണ് വിവാഹമോചനം നേടുന്നത്. പിന്നീട്, ജനന രേഖകളിൽ മകന്‍റെ പിതാവിന്‍റെ പേര് മാറ്റാൻ യുവതി കൊച്ചി മുനിസിപ്പൽ കോർപ്പറേഷനെ സമീപിച്ചിരുന്നു. വിവാഹേതര ബന്ധത്തിൽ നിന്നാണ് കുട്ടി ജനിച്ചതെന്ന് അവർ അധികാരികളോട് പറഞ്ഞതായി പറയപ്പെടുന്നു, എന്നാൽ കോടതി ഉത്തരവില്ലാതെ ജനന രേഖകൾ മാറ്റാൻ കഴിയില്ലെന്ന് അധികാരികൾ പറഞ്ഞു.
2007ൽ അപ്പീൽകാരനെ ഡിഎൻഎ പരിശോധനയ്ക്ക് വിധേയനാകാൻ കോടതി ഉത്തരവിട്ടു. പക്ഷേ ആ വ്യക്തിക്ക് ഹൈക്കോടതിയിൽ നിന്ന് ആശ്വാസം ലഭിച്ചു. 2015ൽ, അമ്മയുടെ പ്രതിനിധിയായിരുന്ന മകൻ, മുമ്പത്തെ ജീവനാംശം ഹർജി പുനരുജ്ജീവിപ്പിക്കാൻ കുടുംബ കോടതിയെ സമീപിച്ചു. 2018ൽ ഹൈക്കോടതി യുവാവിന് അനുകൂലമായി വിധിച്ചിരുന്നു. ആ വിധിയിലാണ് പരാതിക്കാരൻ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്.